covid

ന്യൂഡൽഹി: കൊവിഡ് പെരുമാറ്റശീലങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം. വൈറസ് തളരില്ല. എന്നാൽ നാം ക്ഷീണിക്കും. കൊവിഡ് അഴിമതിയാണെന്ന സമീപനം ശരിയല്ലെന്നും കേന്ദ്രആരോഗ്യമന്ത്രാലയ ജോ.സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായുള്ള കൊവിഡ് കേസുകളിലെ വളർച്ച ആശങ്കാജനകമാണ്. യു.പിയിൽ കഴിഞ്ഞ നാലാഴ്ചയായി ശരാശരി പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. കർണാടക, കേരളം, പശ്ചിമബംഗാൾ, തമിഴ്‌നാട്, ഗോവ, ഒഡിഷ എന്നിവിടങ്ങളിലും കേസുകൾ ഉയർന്ന് നിൽക്കുകയാണ്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് രാജസ്ഥാനിൽ അഞ്ചിരിട്ടിയാണ് കേസുകളിലെ വർദ്ധന. ഡൽഹി രാജ്യത്ത് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സംസ്ഥാനമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, രാജ്യത്തെ കൊവിഡ് സ്ഥിതി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതി വിലയിരുത്തി. പ്രാദേശിക തലത്തിലുള്ള പ്രശ്‌നങ്ങൾ ഉടനടി തിരിച്ചറിഞ്ഞ് പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,452 കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. 3,498 പേർ മരിച്ചു. 2,97,540 പേർ രോഗമുക്തരായി. 81.99 ശതമാനമാണ് രോഗമുക്തി നിരക്ക്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, കേരളം, ഛത്തിസ്ഗഢ്, പശ്ചിമ ബംഗാൾ, തമിഴ്നാട്, ആന്ധ്ര പ്രദേശ്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 73.05 ശതമാനവും. ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 31,70,228 ആയി.