ന്യൂഡൽഹി: ഹൈക്കോടതികൾ വ്യക്തികളെ അവഹേളിക്കുന്ന തരത്തിലും മറ്റും അലക്ഷ്യമായ പരാമർശങ്ങൾ നടത്തരുതെന്ന് സുപ്രീംകോടതി. കൊവിഡ് കേസുകൾ പരിഗണിക്കുമ്പോൾ ചില ഹൈക്കോടതികൾ മോശം പരാമർശങ്ങൾ നടത്തിയെന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് നിർദ്ദേശം നൽകിയത്.
കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും കക്ഷികളായ കേസുകളിൽ ഹൈക്കോടതികൾ നടത്തുന്ന നിരീക്ഷണങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേഹ്‌ത്ത ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതികൾ ഉദ്യോഗസ്ഥരെ കഴിവില്ലാത്തവരെന്നും മറ്റും രൂക്ഷമായാണ് ശാസിക്കുന്നതെന്ന് ബീഹാർ സർക്കാരിന്റെ അഭിഭാഷകനും പരാതിപ്പെട്ടു.
കോടതിയിൽ പറയുന്ന ഓരോ വാക്കും സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് ജഡ്ജിമാർ ഓർക്കണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. അതിനാൽ വൈകാരിക വിഷയങ്ങളിലും മറ്റും അഭിപ്രായപ്രകടനം നടത്തുമ്പോൾ ആത്മസംയമനം ആവശ്യമാണ്. ജഡ്ജിമാർ ആരെയും പേടിക്കാതെ സ്വതന്ത്രരായി ജോലി ചെയ്യേണ്ടവരാണ്. പക്ഷേ വ്യക്തികളെക്കുറിച്ചും മറ്റും പറയുന്ന അഭിപ്രായങ്ങൾക്ക് അനന്തരഫലങ്ങളുണ്ടാകാം. പ്രാദേശിക വിഷയങ്ങളും മറ്റും കൈകാര്യം ചെയ്യാൻ ഹൈക്കോടതികൾക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും മോശം പരാമർശങ്ങൾ നടത്താതിരിക്കാൻ ശ്രദ്ധിക്കണം-ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.