നെടുമ്പാശേരി: സംസ്ഥാന പൊതുമേഖല സ്ഥാപനമായ കാംകോയിൽ പി.എസ്.സിക്ക് വിട്ട തസ്തികകളിൽ പിൻവാതിൽ നിയമനം നടത്തുന്നതിനെതിരെ ഐ.എൻ.ടി.യു.സി സമരത്തിനൊരുങ്ങുന്നു. സർക്കാരിന്റെ അവസാനകാലത്ത് ഇഷ്ടക്കാരെ തിരുകികയറ്റാനാണ് ശ്രമിക്കുന്നത്.വർഷങ്ങൾക്ക് മുമ്പേ പി.എസ്.സിക്ക് വിട്ട പ്യൂൺ, ഡ്രൈവർ, സെക്യൂരിറ്റി വിഭാഗങ്ങളിലേക്ക് ദിവസ വേതനത്തിന് നിയമനം മതിയെന്ന സർക്കാരിന്റെ ഇപ്പോഴത്തെ ഉത്തരവ് നിയമവിരുദ്ധവും ദുരൂഹവുമാണ്. ഇതിനെതിരെ പ്രക്ഷോഭത്തിന് പുറമെ നിയമനടപടിയും സ്വീകരിക്കും. കാംകോയിൽ വർഷങ്ങളായി പണിയെടുക്കുന്ന സ്വീപ്പർ, വർക്ക് അസിസ്റ്റന്റ് തസ്തികയിലുള്ളവരുടെ ഏക പ്രമോഷൻ സാഹചര്യവുമാണ് ഇല്ലാതാകുന്നതെന്നും യൂണിയൻ ആരോപിച്ചു. പ്രസിഡന്റ് പി.ജെ. ജോയി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ. ജിന്നാസ്, മോൻസി ജോർജ്, സി.എൻ. ഷിജു എന്നിവർ സംസാരിച്ചു.