ആലുവ: ചൂർണിക്കരയിൽ കാറ്റിലും മഴയിലും കൃഷി നാശം നേരിട്ടവർക്ക് കൃഷി ഓഫീസ് ജീവനക്കാരുടെ അലംഭാവത്തെ തുടർന്ന് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനായില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് കൃഷി ഓഫീസർ അറിയിച്ചു.

ഈ വർഷം മുതലാണ് നഷ്ടപരിഹാരത്തിന് ഓൺലൈൻ മുഖേന സംഭവം നടന്ന് 10 ദിവസത്തിനകം അപേക്ഷിക്കണമെന്ന നിയമം സർക്കാർ നടപ്പാക്കിയത്. ഈ വിവരം പഞ്ചായത്ത് അംഗങ്ങളെയും കൃഷി ഭവന് കീഴിലുള്ള എല്ലാ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും പൊതുജനങ്ങളെ അറിയിച്ചിരുന്നു. മാത്രമല്ല നഷ്ടപരിഹാരത്തിനുള്ള അപേക്ഷകളുമായി ഓഫീസിലെത്തിയവരോടും വിവരങ്ങൾ കൈമാറിയിരുന്നു. കൃഷി ഓഫീസ് ജീവനക്കാർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടായിട്ടും നിശ്ചിത സമയം കഴിഞ്ഞും ജോലി ചെയ്താണ് അപേക്ഷിച്ചവരുടെ സ്ഥലപരിശോധന ഉൾപ്പെടെ പൂർത്തിയാക്കിയത്. ഇക്കാര്യത്തിലൊന്നും വീഴ്ച്ചയുണ്ടായിട്ടില്ല. നിശ്ചിത ദിവസത്തിന് ശേഷം അപേക്ഷ നൽകാൻ ശ്രമിച്ചവർക്കാണ് വിനയാതത്. അപേക്ഷ നൽകുന്നതിനുള്ള കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് കൃഷി വകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും കൃഷി ഓഫീസർ പറഞ്ഞു.