rajyasabha-

കൊച്ചി: കേരളത്തിൽ നിന്ന് ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് മേയ് രണ്ടിനകം തിരഞ്ഞെടുപ്പു നടത്തണമെന്ന സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ പാലക്കാട് നെന്മാറ സ്വദേശിയും ബി.എസ്.പി സ്ഥാനാർത്ഥിയുമായ എ. ചന്ദ്രൻ നൽകിയ അപ്പീൽ നിയമപരമായി നിലനിൽക്കില്ലെന്ന് ഇലക്ഷൻ കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് ജസ്റ്റിസ് വി.ജി. അരുൺ, ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അപ്പീൽ വേനലവധിക്കു ശേഷം മേയ് 18നു പരിഗണിക്കാൻ മാറ്റി.

ഏപ്രിൽ 30നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചിട്ടുള്ളത്. കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങളായ വയലാർ രവി, പി.വി. അബ്ദുൾ വഹാബ്, കെ.കെ രാഗേഷ് എന്നിവരുടെ കാലാവധി ഏപ്രിൽ 21നു കഴിയുന്നതിനാൽ ഇൗ ഒഴിവുകളിലേക്ക് ഏപ്രിൽ 12ന് തിരഞ്ഞെടുപ്പു നടത്താൻ ഇലക്ഷൻ കമ്മിഷൻ ഷെഡ്യൂൾ തയ്യാറാക്കിയിരുന്നു. എന്നാൽ പുതിയ നിയമസഭ നിലവിൽ വന്നശേഷം തിരഞ്ഞെടുപ്പു നടത്തുന്നതാണ് ഉചിതമെന്ന കേന്ദ്ര നിയമമന്ത്രാലയത്തിന്റെ കത്തിനെത്തുടർന്ന് ഇൗ നടപടികൾ കമ്മിഷൻ മരവിപ്പിച്ചു. ഇതിനെതിരെ എസ്. ശർമ്മ എം.എൽ.എയും നിയമസഭാ സെക്രട്ടറിയും നൽകിയ ഹർജിയിലാണ് മേയ് രണ്ടിനകം തിരഞ്ഞെടുപ്പു നടത്താൻ സിംഗിൾബെഞ്ച് ഉത്തരവിട്ടത്.

ഇതുപ്രകാരം ഏപ്രിൽ 30ന് തിരഞ്ഞെടുപ്പു നടത്താൻ നടപടി തുടങ്ങിക്കഴിഞ്ഞെന്നും ഇലക്ഷൻ കമ്മിഷൻ ഇന്നലെ വിശദീകരിച്ചു. ഹർജിയിൽ കക്ഷിയല്ലാതിരുന്ന എ. ചന്ദ്രന് അപ്പീൽ നൽകാൻ നിയമപരമായി കഴിയില്ലെന്നും സിംഗിൾബെഞ്ചിന്റെ വിധി ഹർജിക്കാരനെ ബാധിക്കുന്നതല്ലെന്നും ഇലക്ഷൻ കമ്മിഷൻ വാദിച്ചു.