whatsaap

കൊച്ചി: വാട്ട്സ് ആപ്പിലൂടെ കക്ഷികൾക്ക് കോടതി സമൻസ് അയയ്‌ക്കുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വാട്ട്സ് ആപ്പ് മുഖേന സമൻസ് നൽകിയിട്ടും ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം അഡി. സി.ജെ.എം കോടതി തനിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതു ചോദ്യം ചെയ്ത് മുൻമന്ത്രിയും എം.എൽ.എയുമായ അനൂപ് ജേക്കബ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി.ജി. അരുൺ ഇക്കാര്യം വ്യക്തമാക്കിയത്.

കൊവിഡ് മാനദണ്ഡം ലംഘിച്ച് സമരം ചെയ്ത കേസിൽ ഹാജരാകാൻ ജനപ്രതിനിധികൾക്കെതിരായ കേസുകളുടെ വിചാരണച്ചുമതലയുള്ള അഡി. സി.ജെ.എം കോടതി അനൂപിന് വാട്ട്സ് ആപ്പ് മുഖേന സമൻസ് നൽകിയിരുന്നു. ഇതനുസരിച്ച് ഹാജരായില്ലെന്നു വ്യക്തമാക്കിയാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.

വാട്ട്സ് ആപ്പ് ഡൗൺലോഡ് ചെയ്തിട്ടില്ലെന്നും കോടതിയുടെ സമൻസ് തനിക്ക് ലഭിച്ചില്ലെന്നുമാണ് അനൂപിന്റെ വാദം. ആശയവിനിമയത്തിലെ വിപ്ളവകരമായ മാറ്റം സമൻസ് അയയ്ക്കുന്നതിലും അനിവാര്യമാണെങ്കിലും വാട്ട്സ് ആപ്പിലൂടെ സമൻസ് അയച്ചതു നിയമപരമല്ലെന്ന് സിംഗിൾ ബെഞ്ച് വിലയിരുത്തി. തുടർന്ന് ജാമ്യമില്ലാ വാറണ്ട് നാലാഴ്ചത്തേക്ക് മരവിപ്പിച്ചു. ഇക്കാലയളവിൽ ഹർജിക്കാരന് കോടതിയിൽ ഹാജരായി ജാമ്യമെടുക്കാമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.