സത്യസന്ധതയുടെ പേരാണ് മലയാളികൾക്ക് ഇന്ന് സ്മിജ. പറഞ്ഞ വാക്കിനും പ്രവൃത്തിക്കും വില കൽപ്പിക്കാതിരിക്കുന്ന ആളുകൾക്കിടയിൽ നന്മയും വിശ്വാസവും നഷ്ടപ്പെടാത്ത ചുരുക്കം ചില ആളുകൾ ഇപ്പോഴുമുണ്ട്. പ്രതിസന്ധികളിൽ തളരാതെ, ആത്മവിശ്വാസം മുറുകെപ്പിടിച്ച് മുന്നോട്ടു നീങ്ങുന്ന സ്മിജയുടെ ജീവിതം ഈ ഉയർത്തെഴുന്നേൽപ്പ് നാളിൽ വായിച്ചറിയാം
സ്റ്റാറായല്ലോ സ്മിജേച്ചി..."" ഓർക്കാപ്പുറത്ത് മലയാളികളെ ഞെട്ടിപ്പിച്ച് കൊണ്ട് താരമായ സ്മിജയെ കാണാനും സന്തോഷം പങ്കുവയ്ക്കാനുമെത്തിയതായിരുന്നു. പക്ഷേ, പണത്തിന് മീതെ പറന്ന സത്യസന്ധതയുടെ തെളിച്ചം നിറഞ്ഞു നിൽക്കുന്ന മുഖത്ത് ചിരി മാത്രമേയുള്ളൂ. പിന്നാലെ മറുപടിയും വന്നു.
''ഇതാണോ വല്യകാര്യം. സമ്മാനം കിട്ടുന്നു, അത് കൈമാറുന്നു. ലോട്ടറി വില്പനയിൽ ഇതൊക്കെ സാധാരണ കാര്യല്ലേ. പിന്നെ ഫോണിന് ഇപ്പോ റെസ്റ്രില്ല. ഇതുമാത്രമാണ് പുതിയ കാര്യം. സ്വിച്ച് ഓഫ് ചെയ്തുവച്ചിരിക്കുകയാണിപ്പോൾ. പ്രതിസന്ധിയെല്ലാം അതുപോലെ തന്നെയുണ്ട്. ജോലിയെടുത്താൽ ജീവിക്കാം."" ലോട്ടറി വിൽപ്പന തിരക്കിനിടെ മലയാളികളുടെ മനസ് കീഴടക്കിയ സ്മിജ ചിരിയോടെ ജീവിതം പറഞ്ഞു തുടങ്ങി.
കണക്കിനോട് കൂട്ടുകൂടി
സന്തോഷം നിറഞ്ഞതായിരുന്നു എന്റെ കുട്ടിക്കാലം. അച്ഛൻ കെ.എൻ. മോഹനൻ, അമ്മ ശാന്ത. ഇരുവരും സർക്കാർ ജീവനക്കാരായിരുന്നു. കുട്ടിക്കാലത്ത് കഷ്ടപ്പാടുകളൊന്നും അറിഞ്ഞിരുന്നില്ല. എന്നെയും ചേച്ചിയേയും വീട്ടിലാക്കിയാണ് ഇരുവരും ജോലിക്ക് പോയിരുന്നത്. പുസ്തകങ്ങളായിരുന്നു അന്നൊക്കെ കൂട്ട്. പെൺകുട്ടികളെ എത്രയും പഠിപ്പിക്കാമോ അത്രയും പഠിപ്പിക്കണമെന്ന വാശിക്കാരനായിരുന്നു അച്ഛൻ. അങ്ങനെ ബിരുദാനന്തര ബിരുദം വരെ പഠിപ്പിച്ചു. ചെറുപ്പം മുതലേ കണക്കിനോടായിരുന്നു ഇഷ്ടം. മാല്യങ്കര എസ്.എൻ.എം കോളേജിലായിരുന്നു പഠിത്തമെല്ലാം. കണക്കിൽ ബിരുദാനന്തര ബിരുദമുണ്ടെങ്കിലും ജീവിതത്തിൽ പക്ഷേ പല കണക്കുകൂട്ടലുകളും തെറ്റി. പോസ്റ്റ് ഗ്രാജുവേഷൻ പൂർത്തിയാക്കിയതിന് പിന്നാലെയായിരുന്നു വിവാഹം. രാജേശ്വരേട്ടനെ നേരത്തെ പരിചയമുണ്ടായിരുന്നു. വിവാഹം വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ചതാണ്. രണ്ട് മക്കളുണ്ട്. മൂത്തയാളുടെ ആരോഗ്യ പ്രശ്നങ്ങൾ മൂലം ഉണ്ടായിരുന്ന ജോലി വിടേണ്ടി വന്നു. പന്ത്രണ്ടുകാരൻ ജഗന് തലച്ചോറിൽ അണുബാധയായിരുന്നു പ്രശ്നം. രണ്ടാമൻ രണ്ടരവയസുകാരൻ ലുഖൈദ് ആരോഗ്യവാനാണ്. വീടുപണിയും മക്കളുടെ കാര്യങ്ങളുമായി രാജേശ്വരനും ധാരാളം ലീവുകൾ എടുക്കേണ്ടി വന്നു. ശമ്പളവർദ്ധനയ്ക്ക് വേണ്ടി സർക്കാരിന് പരാതി നൽകിയതോടെ മേലധികാരികളുടെ കണ്ണിലെ കരടായി. പിന്നാലെ താത്ക്കാലിക ജോലി നഷ്ടമാവുകയായിരുന്നു.
ജഗൻ ജനിക്കുമ്പോൾ എനിക്ക് ഒഡീഷയിൽ ഇന്ത്യൻ ബാങ്കിൽ ജോലി ലഭിച്ചിരുന്നു. മകനെ നോക്കണമെന്നുള്ളതിനാൽ ഈ ജോലി ഉപേക്ഷിച്ചു. പിന്നീട് സിവിൽ എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ പേരുവന്നെങ്കിലും കായിക ക്ഷമത പരിശോധനയിൽ പുറത്തായി. അതോടെ പി.എസ്.സിയോട് തത്ക്കാലം ബൈ പറഞ്ഞു. അച്ഛന്റെയും ഭർത്താവിന്റെയും നിർബന്ധത്തിന് വഴങ്ങി ഇനിയുമൊരു അങ്കത്തിന് തയ്യാറെടുക്കുകയാണ്. കൊവിഡ് പ്രതിസന്ധിയിൽ ഞങ്ങളുടെ ജീവിതവും കഷ്ടപ്പാടിലായി. അതിനിടയ്ക്കാണ് ലൈഫ് പദ്ധതിയിലൂടെ വീട് കിട്ടി താമസം വലമ്പൂരിലേയ്ക്ക് മാറിയത്.
കട്ടയ്ക്ക് കൂടെയുണ്ട്
ജീവിക്കാൻ വൈറ്റ്കോളർ ജോലി തന്നെ വേണമെന്ന് സ്മിജയ്ക്ക് ഒരു നിർബന്ധവുമില്ല. അദ്ധ്വാനിച്ച് ജീവിക്കണമെന്നേ മനസിലുണ്ടായിരുന്നുള്ളൂ. 2011ലാണ് ലോട്ടറി വിൽപന തുടങ്ങുന്നത്. കാക്കനാട് കേരള ബുക്ക്സ് ആൻഡ് പബ്ളിക്കേഷൻ സൊസൈറ്റിയിലെ ജോലിക്കൊപ്പം ചെറിയ വരുമാനം മാത്രം പ്രതീക്ഷിച്ച് വീടിനടുത്തുള്ള ചേച്ചിയുടെ കടയിലായിരുന്നു കച്ചവടം. തുടക്കകാലത്ത് രണ്ടുബുക്ക് ടിക്കറ്റുകളാണ് വിറ്റിരുന്നത്. ജോലിക്കു പോകുമ്പോഴും തിരിച്ചു വരുമ്പോഴുമായിരുന്നു വിൽപ്പന. ചെറുതും വലുതുമായ സമ്മാനങ്ങൾ അടിച്ചു തുടങ്ങിയതോടെ ടിക്കറ്റുകളുടെ എണ്ണം കൂട്ടി. പിന്നീട് രാവിലെ പണിക്ക് പോകുന്ന ആളുകളെ ലക്ഷ്യമിട്ട് പുലർച്ചെ വിൽപ്പന തുടങ്ങി. അങ്ങനെ 600 ടിക്കറ്റുകൾ വരെ വിറ്റു തീർത്തിട്ടുണ്ട്. കെ.ബി.പി.എസിലെ ജോലി നഷ്ടപ്പെട്ടതോടെ കുടുംബ പ്രാരാബ്ദ്ധങ്ങൾ സ്മിജയെയും ഭർത്താവിനെയും മുഴുവൻ സമയലോട്ടറി വിൽപനക്കാരാക്കി. 2018 മുതലാണ് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി വില്പന തുടങ്ങിയത്. ദിവസവും കൈയിൽ വരുന്ന ടിക്കറ്റുകളുടെ നമ്പർ ഗ്രൂപ്പിലിടും. അതു നോക്കി ആവശ്യമുള്ളവർക്ക് ആദ്യം ബുക്ക് ചെയ്യാം. പൈസ ഗൂഗിൾ പേ വഴി അതാതു ദിവസം നറുക്കെടുപ്പിനു മുമ്പ് തരണം. അതാണ് വ്യവസ്ഥ. എന്നാൽ ബമ്പർ ടിക്കറ്റിൽ വ്യവസ്ഥയിൽ ലംഘനമുണ്ടായെങ്കിലും സ്മിജയ്ക്ക് പരിഭവമില്ല.
''ബാക്കി വന്ന 12 ടിക്കറ്റുകളിൽ ഒന്നിനെയാണ് ഭാഗ്യം തേടി വന്നത്. വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി വിൽപ്പന തുടങ്ങിയ കാലം മുതൽ അംഗമാണ് ചന്ദ്രൻ ചേട്ടൻ. കടം കൊടുത്തതായാലും ആ ടിക്കറ്റ് അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. മുമ്പൊരിക്കൽ 120 ടിക്കറ്റ് ബാക്കി വന്നപ്പോൾ ചേട്ടനും കൂടെയുള്ളവരും കൂടിയാണ് 50 ടിക്കറ്റെടുത്തത്. രണ്ടു പ്രാവശ്യം അങ്ങനെ എടുത്തിട്ടുണ്ട്. കഴിഞ്ഞ ബമ്പർ ടിക്കറ്റ് പത്തെണ്ണം എടുത്തിരുന്നു. അങ്ങനെയുള്ളവരെ എന്തിന് ചതിക്കണം? അത്തരത്തിലുള്ള ഒരു ചിന്തയും ഇല്ല. അദ്ദേഹത്തിന് ടിക്കറ്റ് കൊടുത്തതിൽ ഇതുവരെ നഷ്ടബോധം തോന്നിയിട്ടില്ല. മാത്രവുമല്ല, ഞാൻ ചെയ്തത് ശരിയാണെന്ന ഭർത്താവിന്റെ വാക്കുകളാണ് ഇപ്പോഴത്തെ എന്റെ സന്തോഷം.""
ഗ്രൂപ്പിനായി വിളി
ലോട്ടറി അടിച്ചപ്പോൾ മുതൽ എല്ലാവർക്കും അറിയേണ്ടത് കമ്മിഷനായി തനിക്കെത്ര കിട്ടുമെന്നായിരുന്നു. വാർത്ത പുറത്തു വന്നപ്പോൾ മുതൽ ഫോൺ വിളികളുടെ ബഹളമാണ്. മിക്കപ്പോഴും ഓഫാക്കി വച്ചിരിക്കുകയാണ്. ഇപ്പോൾ കത്തുകളുടെ ഒഴുക്കാണ്. സ്മിജ, ലോട്ടറി ഏജന്റ്, രാജഗിരി ആശുപത്രിക്ക് സമീപം, ആലുവ എന്നിങ്ങനെ അപൂർണമായ വിലാസത്തോടെയുള്ള കത്തുകളാണെങ്കിലും ഞങ്ങളുടെ പോസ്റ്റ്മാൻ കൃത്യമായി എത്തിച്ചുനൽകുന്നുണ്ട്. പ്രശസ്തി തന്ന ഗുണമാണത്. ലോട്ടറി അടിച്ചതോടെ വിൽപ്പന ചെറുതായി കൂടിയിട്ടുണ്ട്. പുതിയ കുറേ പേർ ലോട്ടറിയെടുക്കാൻ വരുന്നുണ്ട്. എല്ലാവരും ചോദിക്കുന്നത് വാട്സാപ് ഗ്രൂപ്പിൽ ചേർക്കാമോ എന്നാണ്. ഇപ്പോൾ ഫോൺ തുറക്കാൻ പറ്റുന്നില്ല. അത്ര കണ്ട് മെസേജുകളാണ് വരുന്നത്. അറിയുന്നവരും, അറിയാത്തവരുമായി ഏറെ പേർ മെസേജയക്കുന്നുണ്ട്. കടമെടുത്ത ലോട്ടറിയിൽ ബമ്പറടിച്ച ടിക്കറ്റ് തിരിച്ചേൽപ്പിച്ചതിനെ സദുദ്ദേശത്തോടെ കാണുന്നവരും ഇത്രയും സത്യസന്ധത വേണോ എന്നു ചോദിച്ചവരുമുണ്ട്. നാട്ടുകാരുമായി തുടങ്ങി തമിഴ്നാട്, കർണ്ണാടകയിൽ നിന്നുള്ളവരും അന്യ ജില്ലക്കാരും വരെ ഇപ്പോൾ ഗ്രൂപ്പിലുണ്ട്. അവർക്കും ടിക്കറ്റ് ഇങ്ങനെയാണ് നൽകുന്നത്. ആർക്കു സമ്മാനം അടിച്ചാലും കൃത്യമായി കൊടുക്കുന്നത് ഗ്രൂപ്പ് വഴി അറിയിക്കുകയും ചെയ്യും. ആ വിശ്വാസമാണ് ഇന്നും പലരും ലോട്ടറിയെടുക്കുന്നതിന് പിന്നിലുള്ളത്. അതുകൊണ്ട് തന്നെയാണ് ബമ്പറടിച്ച ആറു കോടിയുടെ ടിക്കറ്റ് കൈയിലുള്ളപ്പോഴും ചന്ദ്രൻ ചേട്ടനടക്കം എന്നെ അവിശ്വസിക്കാതിരുന്നതും.
ബമ്പറടിച്ചിട്ടും തന്റെ പതിവു കച്ചവടം നിറുത്താൻ സ്മിജ തയ്യാറായിട്ടില്ല. പണിയെടുത്ത് പണമുണ്ടാക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണെന്നാണ് സ്മിജയുടെ പക്ഷം. പക്ഷേ ചെറിയൊരു പരിഭവം കൂടി സ്മിജക്കുണ്ട്. തന്റെ കഥ വൈറലായതിൽ ഒരു സന്തോഷവുമില്ല. ഇപ്പോൾ പുറത്തേക്കിറങ്ങാൻ കഴിയുന്നില്ല. പലരും വന്ന് ദാരിദ്ര്യവും കഷ്ടപ്പാടുകളെയും കുറിച്ചാണ് സംസാരിക്കുന്നത്. ചിലരൊക്കെ ഞാൻ ചെയ്തത് മണ്ടത്തരമാണെന്ന് പറയുന്നുമുണ്ട്. അവരോടൊക്കെ പറയാറ്, ഞാൻ ഇങ്ങനെയാണെന്നാണ്.
മടക്കം 30 രൂപയുമായി
സമ്മാനമടിച്ച ലോട്ടറി ചന്ദ്രന് കൈമാറി മടങ്ങുമ്പോൾ ബാഗിലുണ്ടായിരുന്നത് വെറും 30രൂപ മാത്രമാണ്. സത്യസന്ധത തെളിയിക്കാൻ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്തെന്ന തോന്നലില്ല. നേരത്തെ പലപ്രാവശ്യം ഒരു ലക്ഷം രൂപയൊക്കെ ലോട്ടറിയടിച്ചിട്ടുണ്ട്. സീരിയൽ നമ്പർ മാറിപ്പോയതുകൊണ്ടു മാത്രം ഒരു കോടിയുടെ ഒന്നാം സമ്മാനം നഷ്ടപ്പെട്ട അനുഭവവുമുണ്ട്. ബമ്പറടിച്ച ദിവസം സാധാരണ ഉച്ചയാകുമ്പോഴേക്ക് കൈയിലുള്ള ടിക്കറ്റുകൾ വിറ്റുതീരേണ്ടതാണ്. അന്ന് ഉ ച്ചയ്ക്ക് 12.50 ആയിട്ടും ടിക്കറ്റുകൾ തീർന്നിട്ടില്ല. അങ്ങനെ വന്നാൽ ചെയ്യാറുള്ളതുപോലെ പലരെയും വിളിച്ചിരുന്നു. ചന്ദ്രൻ ചേട്ടനെയും വിളിച്ചു. 6142 നമ്പർ എടുത്തു വയ്ക്കാൻ പറഞ്ഞു. അങ്ങനെയാണ് ബമ്പറിന്റെ പിറവി. താൻ അങ്ങോട്ട് ആവശ്യപ്പെട്ട് ടിക്കറ്റെടുത്തതാണ് അദ്ദേഹം. അവിടെ വ്യവസ്ഥകൾക്കല്ല, വിശ്വാസത്തിനാണ് വില. സാധാരണ ഒറിജിനൽ ടിക്കറ്റ് കൈയിൽ തന്നെ വയ്ക്കുകയാണ് പതിവ്. എന്തൊക്കെയായാലും പ്രതിസന്ധിഘട്ടത്തിൽ സഹായിച്ചിട്ടുള്ള ആളാണ് ചന്ദ്രൻ ചേട്ടൻ. അദ്ദേഹത്തിന് ബമ്പറടിച്ചതിൽ സന്തോഷമേയുള്ളൂ. - സ്മിജ പറഞ്ഞു നിറുത്തി.