irctc

കൊച്ചി: രാമക്ഷേത്രനിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്ന അയോദ്ധ്യ സന്ദർശിക്കാൻ താത്പര്യപ്പെടുന്ന മലയാളികളുടെ എണ്ണം വർദ്ധിക്കുന്നു. ഇതു കണ്ടറിഞ്ഞ് ഇന്ത്യൻ റെയിൽവേയുടെ ഐ.ആർ.സി.ടി.സി കേരളത്തിൽനിന്ന് കൂടുതൽ അയോദ്ധ്യ പിൽഗ്രിം ടൂറിസം പാക്കേജുകൾക്ക് ഒരുക്കം തുടങ്ങി. എയർടൂറിനൊപ്പം ചെലവുകുറഞ്ഞ പ്രത്യേക ട്രെയിൻ പാക്കേജും ഉടൻ ഉണ്ടാകും.

മാർച്ചിൽ നടത്തിയ മൂന്ന് അയോദ്ധ്യാ എയർടൂറിനും സീറ്റ് ഫുള്ളായിരുന്നു. ഏപ്രിൽ രണ്ടിലെ യാത്രയുടെ ടിക്കറ്റുകളും ഒറ്റയടിക്ക് വിറ്റുപോയി. അടുത്തമാസം മുതൽ പ്രതിമാസം ആറ് സർവീസുകൾ നടത്താനാണ് തീരുമാനം.

കൊച്ചി, കോയമ്പത്തൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള എയർപാക്കേജിൽ ഒറ്റട്രിപ്പിന് 20-30 പേരെയാണ് കൊണ്ടുപോകുന്നത്. 26,000 രൂപയാണ് ഭക്ഷണവും താമസവുമടക്കം പഞ്ചദിന യാത്രയ്ക്ക് ചെലവ്. ത്രീസ്റ്റാ‌ർ ഹോട്ടലിലാണ് താമസസൗകര്യം. ഉച്ചഭക്ഷണം ഒഴികെയുള്ള ആഹാരം പാക്കേജിൽ ലഭിക്കും. ട്രെയിൻ പാക്കേജിന്റെ നിരക്ക് കണക്കാക്കിയിട്ടില്ല.

അയോദ്ധ്യാ ടൂർ പാക്കേജാണെങ്കിലും വാരണാസിയിൽ ഇറങ്ങി കാശിവിശ്വനാഥ ക്ഷേത്രം, അന്നപൂർണേശ്വരി ക്ഷേത്രം, സർനാഥ്, അലഹബാദ് ഫോർട്ട്, പതേൽപുരി ക്ഷേത്രം എന്നിവ സന്ദർശിച്ച ശേഷമാണ് അയോദ്ധ്യയിലേക്ക് തിരിക്കുക.

രാമജന്മഭൂമി, ലക്ഷ്മൺഘട്ട്, കലറാം ക്ഷേത്രം, കനക് ഭവൻ ക്ഷേത്രം എന്നിവ സന്ദർശിച്ച് അടുത്തദിവസം മടക്കം.

സ്വപ്ന സാക്ഷാത്കാരം

സ്വപ്നസാക്ഷാത്കാരമായിരുന്നു രാമജന്മഭൂമി യാത്ര. അവിടെ കാലുകുത്തുമ്പോൾ തന്നെ ഊർജം ലഭിക്കുന്നതായി അനുഭവപ്പെടും. ക്ഷേത്രനിർമ്മാണം കാണാൻ സാധിക്കില്ല, വലിയ സുരക്ഷാക്രമീകരണങ്ങളാണ്. ക്ഷേത്രത്തിന്റെ കർമ്മശാലയും നിർമ്മാണസാമഗ്രികളും കണ്ടു. അയോദ്ധ്യ ഇപ്പോഴും പഴമയാർന്ന സ്ഥലമാണ്. ക്ഷേത്രനിർമ്മാണം പൂ‌ർത്തിയായശേഷം വീണ്ടും പോകും.

-മോഹനചന്ദ്ര റാവു,

കോഴഞ്ചേരി

ട്രെയിൻ പാക്കേജ്

അയോദ്ധ്യയാത്രയ്ക്ക് ആവശ്യക്കാർ ഏറിയതിനാൽ ട്രെയിൻമാർഗമുള്ള ടൂറിസം പാക്കേജ് ആലോചിക്കുന്നു. ചെലവ് കുറച്ച് ഒറ്റയടിക്ക് അറുന്നൂറിലേരെപ്പേരെ കൊണ്ടുപോകാവുന്ന സ്പെഷ്യൽ ട്രെയിൻ പാക്കേജാണ് ആലോചനയിൽ.

ആർ. രതീഷ് ചന്ദ്രൻ,

ജോയിന്റ് മാനേജർ

ഐ.ആർ.സി.ടി.സി

ഐ.ആർ.സി.ടി.സി

ഇന്ത്യൻ റെയിൽവേയുടെ കേറ്ററിംഗ്, ടൂറിസം വിഭാഗമാണിത്. ട്രെയിനിൽ ഭക്ഷണവിതരണത്തിനു പുറമെ സ്പെഷ്യൽ ട്രെയിനുകൾ, വിമാനം എന്നീ മാർഗങ്ങളിൽ ടൂറിസം പാക്കേജുകൾ നടത്തുന്നുണ്ട്.