കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിലെ മൂരുകാവ്-കുന്നത്തുപടി റോഡിൽ അപകടങ്ങൾ പതിവാകുന്നു. കനാൽ ബണ്ടിന്റെ തുടക്കത്തിലെ കുത്തനെയുള്ള വളവാണ് അപകടങ്ങൾക്ക് വഴി വയ്ക്കുന്നത്.
റോഡിന് ഇരുവശവുമുള്ള താഴ്ന്ന പ്രദേശം വലിയ അപകടം വിളിച്ചു വരുത്തുന്നതാണ്.വലതുവശത്ത് 50 അടിയോളം താഴ്ച്ചയിൽ പെരിയാർവാലി കനാലും ഇടതുവശത്ത് 30 അടിയോളം താഴ്ന്ന പ്രദേശവുമാണ്.ഇത് വൻ ദുരന്തങ്ങൾക്ക് വഴി വയ്ക്കുന്നതാണ്.ഇരുചക്രവാഹന യാത്രികരും സൈക്കിൾ യാത്രികരും വളരെ ബുദ്ധിമുട്ടിയാണ് ഇതിലൂടെ കടന്നുപോകുന്നത്.വലിയ വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രക്കാർക്ക് ഇതുവഴിയുള്ള യാത്ര ദുസ്സഹമാണ്.
ഈ റോഡിൽ അപകട മുന്നറിയിപ്പുകളോ ബാരിക്കേഡുകളോ ഇല്ല.അതുകൊണ്ട് തന്നെ അപകടങ്ങൾ പതിവ് കാഴ്ച്ചയാണ്. ഇരുവശങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പല തവണ അധികൃതരോടും വിവരങ്ങൾ പറഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല .
ബാരിക്കേഡുകളും, അപകട സൂചക മുന്നറിയിപ്പ് ബോഡുകൾ സ്ഥാപിക്കുന്നതിന് വേണ്ടി പെരിയാർവാലി അധികൃതരുമായി ചർച്ച ചെയ്ത് എത്രയും വേഗം നടപടികൾ സ്വീകരിക്കും.
ഫെബിൻ കുര്യാക്കോസ്,
വാർഡ് മെമ്പർ