കൊച്ചി : എറണാകുളം നോർത്ത് - സൗത്ത് റെയിൽവെ ഇടനാഴിയുടെ രൂപരേഖ മാറുന്നു. നിലവിലെ ഇടുങ്ങിയ വഴിക്കു പകരം കൂടുതൽ വീതിയുള്ള റോഡുൾപ്പെടെ നിരവധി മാറ്റങ്ങൾ വരും. പദ്ധതിക്കായി കൂടുതൽ സ്ഥലം ഏറ്റെടുക്കുന്ന കാര്യവും ആലോചനയിലുണ്ട്. ഈ റോഡിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. പദ്ധതി യാഥാർത്ഥ്യമായാൽ എം.ജി.റോഡ്, ചിറ്റൂർ റോഡ് എന്നിവിടങ്ങളിലെ തിരക്ക് കുറയും. യാത്രക്കാർക്ക് സൗത്ത് സ്റ്റേഷനിൽ നിന്ന് നോർത്തിലേക്ക് വേഗത്തിൽ എത്താം. ഗതാഗത കുരുക്കിന് പരിഹാരമാകും. എന്നതിലുപരിയായി നഗര വികസനത്തിനും വഴി തുറക്കും. മുൻ ഭരണസമിതിയുടെ സമയത്ത് പദ്ധതി പ്രഖ്യാപനമുണ്ടായെങ്കിലും തുടർ നടപടികളുണ്ടായില്ല.
നോർത്ത് - സൗത്ത് കോറിഡോർ
എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന രണ്ടര കിലോ മീറ്റർ റോഡാണ് നോർത്ത് - സൗത്ത് കോറിഡോർ. കോർപ്പറേഷന്റെ നേതൃത്വത്തിൽ റെയിൽപാളത്തിന് ഇരുവശത്തും വീതിയുള്ള റോഡ് നിർമ്മിക്കുകയാണ് ലക്ഷ്യം.
സഹായിക്കാൻ ഫ്രഞ്ച് ഏജൻസി
കേന്ദ്രസർക്കാരിന്റെ മൊബിലൈസ് യുവർ സിറ്റി പദ്ധതിയുടെ ഭാഗമായി ഫ്രഞ്ച് വികസന ഏജൻസിയായ എ.എഫ്.ഡിയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വാഹന സൗകര്യങ്ങൾ, പൊതുഗതാഗത ക്രമീകരണം, വഴി സൗകര്യം തുടങ്ങിയവ എ.എഫ്.ഡിയായിരിക്കും തീരുമാനിക്കുക.
2.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ റെയിൽവെയുടെ 1.2 കിലോമീറ്ററും കോർപ്പറേഷന്റെ 1.1 കിലോമീറ്ററും സ്ഥലമാണ് ഉള്ളത്. വെറും 20 മീറ്റർ മാത്രമേ സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുക്കേണ്ടതുള്ളു. ഇതിൽ 80 ശതമാനത്തോളം ഭാഗത്ത് അഞ്ച് മുതൽ എട്ട് മീറ്റർ വരെ വീതിയുമുണ്ട്. കൂടാതെ സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് കെ.എസ്.ആർ.ടി.സി. വരെ നിലവിൽ ടൈൽ പാകിയ റോഡുമാണ് ഉള്ളത്. പദ്ധതിക്കായി സ്ഥലം നൽകാൻ റെയിൽവെ സമ്മതം അറിയിച്ചിട്ടുണ്ട്.
രൂപരേഖ ഉടൻ തയ്യാറാക്കും
റെയിൽവെ ഇടനാഴിക്ക് കൂടുതൽ സാമ്പത്തികസാങ്കേതിക സഹകരണം നൽകാമെന്ന് കഴിഞ്ഞ ആഴ്ച നടന്ന കൂടിക്കാഴ്ചയിൽ ഫ്രഞ്ച് കോൺസുലർ ജനറൽ ടാൾബോട്ട് ബാരെ ഉറപ്പു നൽകിയിട്ടുണ്ട്. ഇടനാഴിയുടെ ഡി.പി.ആർ ഉടനടി പൂർത്തീകരിക്കുന്നതിനും ധാരണയായി. കോൺസുലർ ജനറലും സംഘവും ഇലക്‌ട്രിക് ഓട്ടോറിക്ഷയിൽ പദ്ധതിസ്ഥലം സന്ദർശിച്ചിരുന്നു . സ്ഥലം ഏറ്റെടുക്കുന്നതിന് ഉൾപ്പെടെ ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കാമെന്ന് അവർ സമ്മതിച്ചിട്ടുണ്ട്. കൊച്ചിയിൽ ഒക്ടോബർ അവസാനം
നടക്കുന്ന അർബൻ മൊബിലിറ്റി കോൺഫറൻസിന് മുമ്പായി പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങാനുള്ള ശ്രമത്തിലാണ്
അഡ്വ.എം.അനിൽകുമാർ
മേയർ
ആകെ 2.5 കിമി
റെയിൽവെയുടെ 1.2 കിമീ
കോർപ്പറേഷന്റെ 1.1 കിമീ