booth

കോലഞ്ചേരി: കുന്നത്തുനാട്ടിൽ കുഞ്ഞൻ ബൂത്തൊരുങ്ങി. പതിനാല് വോട്ടർമാർക്കായാണ് കുന്നത്തുനാട്ടിലെ പുത്തൻകുരിശിൽ കുഞ്ഞൻ ബൂത്ത് പ്രവർത്തിക്കുന്നത്. സാൽവേഷൻ ആർമിയുടെ കീഴിലുള്ള കുഷ്ഠ രോഗ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായുള്ള ഇവിടെ അന്തേവാസികൾക്കും, ജീവനക്കാർക്കും വേണ്ടി തയ്യാറാക്കിയ ബൂത്താണിത്. സാൽവേഷൻ ആർമിയുടെ ജീവനക്കാരായിരുന്നു കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് നിയന്ത്റിച്ചത്. ഇക്കുറി അവർക്കുള്ള പരിശീലനം നൽകിയിട്ടില്ല. സുരക്ഷ ഉദ്യോഗസ്ഥൻ മാത്രമായിരുന്നു പുറമെ നിന്നും എത്താറുള്ളത്. ജില്ലയിലെ വോട്ടർമാരിൽ ഏ​റ്റവും കുറവുള്ളതും പുത്തൻകുരിശ് പഞ്ചായത്തിലെ വരിക്കോലി പത്താം വാർഡിലെ രണ്ടാം ബൂത്തായ സാൽവേഷൻ ആർമി കമ്മ്യൂണി​റ്റി ഹാൾ ബൂത്തിലാണ്. 14 പേരാണ് ആകെ വോട്ടർമാർ. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ കാലം മുതൽ ഇവിടെ പ്രവർത്തിക്കുന്ന കുഷ്ഠ രോഗാശുപത്രിയിലെ അന്തേവാസികൾക്ക് വോട്ടു ചെയ്യാൻ ബൂത്തുണ്ട്.

1934 ലാണ് സാൽവേഷൻ ആർമി ഇവിടെ പ്രവർത്തനം ആരംഭിക്കുന്നത്. തുടക്ക കാലത്ത് 300, 350 വോട്ടർമാർ വരെയുണ്ടായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 17 പേർക്ക് വോട്ടുണ്ടായിരുന്നു. നടന്നെത്തി വോട്ടു ചെയ്യാൻ കഴിയാത്തവരാണ് നിലവിലുള്ള അന്തേവാസികളിലധികവും. സന്നദ്ധ പ്രവർത്തകർ എടുത്തു കൊണ്ടും, വീൽ ചെയറിലെത്തിച്ചുമാണ് വോട്ട് രേഖപ്പെടുത്തുന്നത്. മുന്നണികൾ ഇതിനോടകം അന്തേവാസികൾക്കിടയിൽ ശക്തമായ പ്രചാരണവും നടത്തിയിട്ടുണ്ട്. കിടപ്പു രോഗികളായ ഇവിടുത്തെ അന്തേവാസികൾക്ക് വോട്ട് ഒരുത്സവമാണ്. മുന്നണികളുടെ പ്രചാരണമൊന്നുമല്ല ഇവർക്കു വലുത്. വോട്ടെടുപ്പ് ദിവസം പുത്തൻ കുപ്പായവും ധരിച്ച് പോളിംഗ് ബൂത്തിലെത്തുന്ന ആവേശമാണ്.