കൊച്ചി: എല്ലാം സജ്ജമായിട്ട് ഒന്നരമാസം. എങ്കിലും ആദ്യ ആഡംബര കപ്പലിനെ സ്വീകരിക്കാൻ കൊച്ചിയിലെ പുതിയ ക്രൂസ് ടെർമിനൽ 2022വരെ കാത്തിരിക്കണം. യൂറോപ്യൻ രാജ്യങ്ങളിലെയടക്കം കൊവിഡിന്റെ രണ്ടാം തരങ്കമാണ് തിരിച്ചടിയായത്. മാർച്ച് അവസാനത്തോടെ ശ്രീലങ്കയിൽ നിന്നെത്തുന്ന കപ്പലായിരിക്കും ആദ്യം നങ്കൂരമിടുകയെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല. സഞ്ചാരികളുമായുള്ള കൂറ്റൻ ഉല്ലാസ കപ്പലുകളുടെ വരവില്ലാതായത് പോർട്ട് ട്രസ്റ്റിന് കോടികളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
ഫെബ്രുവരിയിലാണ് പുതിയ ക്രൂസ് ടെർമിനൽ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്. 25.72 കോടി രൂപ ചെലവിട്ടായിരുന്നു നിർമ്മാണം. എറണാകുളം വെല്ലിംഗ്ടൺ ഐലൻഡിൽ എറണാകുളം വാർഫിന് സമീപത്തെ പുതിയ ടെർമിനലിൽ ഒരേസമയം 5,000 പേരെ കൈകാര്യം ചെയ്യാനാകും. മഹാമാരിയുടെ നിഴൽ ഒഴിയുമ്പോൾ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ആഡംബര നൗകകൾ ടെർമിനലിൽ നങ്കൂരമിടുമെന്നായിരുന്നു കണക്കുകൂട്ടൽ. ഓരോ കപ്പലുകൾ എത്തുമ്പോൾ ഫീസിനത്തിൽ പത്തുലക്ഷത്തിലേറെ രൂപയാണ് പോർട്ട് ട്രസ്റ്റിന് ലഭിക്കുക. പുതിയ ടെർമിനലിൽ പ്രതിവർഷം 60ലേറെ കപ്പലുകളെ സ്വീകരിക്കാനുള്ള സൗകര്യമാണുള്ളത്.
ടൂറിസം മങ്ങി
കൊവിഡ് ഭീതി ലോകത്തെ ഉലച്ചെങ്കിലും സ്ഥിതി സാധാരണ നിലയിലാകുന്ന മുറയ്ക്ക് വിനോദ സഞ്ചാരവും മെല്ലെ ഉണർവിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതു മുന്നിൽ കണ്ടായിരുന്നു ടെർമിനലിന്റെ ഉദ്ഘാടനവും. എന്നാൽ കൊവിഡിന്റെ രണ്ടാം അതിവ്യാപനം ഇതെല്ലാം തച്ചുടച്ചു.ആഡംബര കപ്പലിലേറി എത്തുന്ന ഓരോ വിദേശ വിനോദ സഞ്ചാരിയും കൊച്ചി നഗരം, ലുലുമാൾ, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, ആലപ്പുഴ, കുമരകം, മൂന്നാർ, തേക്കടി എന്നീ സ്ഥലങ്ങൾ സന്ദർശിച്ചാണ് മടങ്ങാറ്. ഷോപ്പിംഗിനായി ഒരാൾ ശരാശരി 400 ഡോളറും (ഏകദേശം 30,000 രൂപ) ചെലവിടുന്നു. സഞ്ചാരികളുടെ വരവില്ലാതായത് കൊച്ചി തുറമുഖത്തിനപ്പുറം സംസ്ഥാന ടൂറിസത്തേയും സാരമായി ബാധിച്ചുകഴിഞ്ഞു.
കൊച്ചിയെ പുണർന്ന
സഞ്ചാരികൾ
2017-18
44ഓളം കപ്പലുകൾ; 47,000 സഞ്ചാരികൾ
2018-19
49 കപ്പലുകൾ; 62,753 സഞ്ചാരികൾ
2019-20
ഫെബ്രുവരി ആദ്യവാരം വരെ 36 കപ്പലുകൾ
40,000ഓളം സഞ്ചാരികൾ
കൊവിഡ് ഭീതിമൂലം പിന്നീട് പ്രതീക്ഷിച്ചത്ര കപ്പലുകൾ എത്തിയില്ല
ടെർമിലിന്റെ പ്രത്യേകത
420 മീറ്റർ നീളമുള്ള കപ്പലുകൾ വരെ അടുക്കും
വിശാലമായ പാസഞ്ചർ ലോഞ്ച്
ക്രൂ ലോഞ്ച്
30 ഇമ്മിഗ്രേഷൻ കൗണ്ടറുകൾ
എട്ട് കസ്റ്രംസ് ക്ളിയറൻസ് കൗണ്ടറുകൾ
ഏഴ് സെക്യൂരിറ്റി കൗണ്ടറുകൾ
വൈഫൈ, ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്