കൊച്ചി: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും പരീക്ഷ ഡ്യൂട്ടിയും ഒരുമിച്ച് എത്തിയതോടെ വെട്ടിലായി അദ്ധ്യാപകർ. 6ന് നടക്കുന്ന തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം 8ന് ആരംഭിക്കുന്ന പരീക്ഷ ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതടക്കം വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്ന് അദ്ധ്യാപകർ പറയുന്നു.
ഇപ്രാവശ്യം പ്രധാന അദ്ധ്യാപകർക്കുവരെ ഇലക്ഷൻ ഡ്യൂട്ടി നൽകിയിരിക്കുന്നതിനാൽ എല്ലാം അവതാളത്തിലാകാനാണ് സാധ്യത.രാവിലെ 7 മുതൽ രാത്രി 7 വരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടി. ഇതിനുശേഷം വോട്ടിംഗ് സാമഗ്രികൾ തിരിച്ചേൽപ്പിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ അർദ്ധ രാത്രിയാകും. 7ന് വന്ന് ഹാളുകൾ ഒരുക്കിയിട്ടു വേണം പരീക്ഷ ഡ്യൂട്ടിയുള്ള സ്ഥലത്തേക്ക് പോകാൻ.
എസ്.എസ്.എൽ.സി പരീക്ഷ ഉച്ചക്ക് ശേഷം ആയതിനാൽ രാവിലെ എത്തി ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. എന്നാൽ ഹയർസെക്കൻറി പരീക്ഷ രാവിലെ ആയതിനാൽ ഇത് പ്രായോഗികമല്ല. കൂടാതെ ഭൂരിഭാഗം സ്കൂളുകളും ഇലക്ഷൻ ബൂത്തുകളായതിനാൽ പരീക്ഷയ്ക്കായി സ്കൂളുകൾ ഒരുക്കിയാലും വോട്ടിംഗിനായി ഇത് മാറ്റേണ്ടി വരും. ഇത് ഇരട്ടിപ്പണിയാണ് ഉണ്ടാക്കുക.
അദ്ധ്യാപകരുടെ നടുവൊടിക്കുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. 8ന് ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളുടെ സോഷ്യോളജി പരീക്ഷയാണ്. സയൻസ് വിദ്യാർത്ഥികൾക്ക് പരീക്ഷ ഇല്ലാത്തതിനാൽ ഇത് മാറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചാൽ ഗുണകരമായിരിക്കും. ജെ.ഇ.ഇ പരീക്ഷയേയും ഇത് ബാധിക്കില്ല. ഇത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് അടക്കം നിവേദനം നൽകിയതാണ് എന്നാൽ കാര്യമായ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല
അനിൽ. എം.ജോർജ്, ഹയർ സെക്കൻഡറി സ്കൂൾ
ടീച്ചേഴ്സ് അസോ
8ന് സംസ്ഥാനത്തെ 900 സ്കൂളുകളിലായി 76000 കുട്ടികൾക്ക് മാത്രമാണ് പരീക്ഷ. 4.5 ലക്ഷം വിദ്യാർത്ഥികളാണ് ആകെയുള്ളത്. ഒരു സ്കൂളിൽ പരമാവധി 80 കുട്ടികൾ മാത്രമാണ് എത്തുക. 4 ക്ലാസ് മുറികൾ മാത്രം ഒരുക്കിയാൽ മതിയാകും. വളരെ കുറച്ചു സ്കൂളുകളിലെ പ്രിൻസിപ്പൽമാർക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളത്. കൂടാതെ എല്ലാ ആദ്ധ്യാപകർക്കും ഡ്യൂട്ടി ഇല്ലാത്തതും ക്രമീകരണങ്ങൾ ഒരുക്കുന്നതിന് തടസമാകില്ല
ഡോ.എസ്.എസ്. വിവേകാനന്ദൻ,
ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ