കൊച്ചി: വോട്ടെടുപ്പിന് അഞ്ചുദിനം ബാക്കിനിൽക്കെ സ്ഥാനാർത്ഥികളുടെ മണ്ഡലപര്യടനം അവസാനഘട്ടത്തിൽ. ഇനി വോട്ടുറപ്പിക്കലിന്റെയും മറിക്കലിന്റെയും ദിനങ്ങൾ. തലയെണ്ണി വോട്ടർമാർ എവിടെനിൽക്കുന്നെന്ന കണക്കെടുപ്പിന്റെ തിരക്കിലാണ് താഴേത്തട്ടിലെ പ്രവർത്തകർ. എതിരാളികൾക്കെതിരെ അവസാന ആയുധവും മൂർച്ചകൂട്ടുന്ന ഒരുക്കത്തിലാണ് സ്ഥാനാർത്ഥികളും രാഷ്ട്രീയപ്രവർത്തകരും.
തുറന്ന വാഹനത്തിൽ മണ്ഡലത്തിലെ മുഴുവൻ സ്ഥലങ്ങളും സന്ദർശിച്ച് പരമാവധി ജനങ്ങളെ നേരിൽക്കാണുന്ന തിരക്കിലായിരുന്നു ഒരാഴ്ചയിലേറെയായി സ്ഥാനാർത്ഥികൾ. ഒരു ദിവസം ഒരു ഗ്രാമപഞ്ചായത്ത് പിന്നിടുന്ന രീതിയിലായിരുന്നു സ്ഥാനാർത്ഥികളുടെ പര്യടനം. ബഹുഭൂരിപക്ഷം സ്ഥാനാർത്ഥികളും ഇന്നും നാളെയുമായി പര്യടനം പൂർത്തിയാക്കും. മണ്ഡലത്തിന്റെ എല്ലാ കോണുകളിലും എത്താനും നേരിട്ടും പ്രസംഗം വഴിയും വോട്ടഭ്യർത്ഥിക്കാനും സ്ഥാനാർത്ഥികൾ പരമാവധി പരിശ്രമിച്ചു.
കൂടുതൽ വോട്ടുള്ള സ്ഥാപനങ്ങൾ, കടകൾ, വീടുകൾ, ഹൗസിംഗ് കോളനികൾ, ഫ്ളാറ്റുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് വോട്ടഭ്യർത്ഥിക്കാനും ചാഞ്ഞും ചരിഞ്ഞും നിൽക്കുന്ന വോട്ടുകൾ അനുകൂലമാക്കാനും ഇനിയുള്ള ദിവസങ്ങൾ സ്ഥാനാർത്ഥികളും പ്രവർത്തകരും വിനിയോഗിക്കും. മഠങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, വലിയ കുടുംബങ്ങൾ എന്നിവിടങ്ങൾ ഒരിക്കൽക്കൂടി സന്ദർശിച്ച് വോട്ടുകൾ ഉറപ്പിക്കുന്നതിന് അടുത്ത ദിവസങ്ങൾ വിനിയോഗിക്കുമെന്ന് മുന്നണി നേതാക്കൾ പറഞ്ഞു. ഒറ്റ സന്ദർശനം കൊണ്ട് കൂടുതൽ വോട്ടുകൾ ഉറപ്പിക്കാൻ വേണ്ട ശ്രമങ്ങളാണ് ഇനി നിർണായകം. നിഷ്പക്ഷരുടെയും വ്യക്തികളെക്കൂടി വിലയിരുത്തി വോട്ട് ചെയ്യുന്നവരെയും ഒപ്പമെത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം. സ്ഥാനാർത്ഥിക്ക് പുറമെ, സ്വാധീനമുള്ള വ്യക്തികളും നേതാക്കളും ഇതിനായി രംഗത്തിറങ്ങിക്കഴിഞ്ഞു.
ബൂത്തുകളിൽ യുദ്ധസന്നാഹം
ബൂത്തുതലത്തിൽ കടുത്ത പ്രചാരണമാണ് അടുത്ത ദിവസങ്ങളിൽ നടക്കുക. പ്രാദേശിക പ്രവർത്തകരുടെ നീക്കങ്ങൾക്ക് വലിയ പ്രാധാന്യവും ലഭിക്കും. ബൂത്തുകളിൽ വലിയ മുന്നൊരുക്കം പ്രമുഖ മുന്നണികൾ നടത്തിക്കഴിഞ്ഞു. ബൂത്തുകളിൽ ആരെയും വിട്ടുപോകാതെ ഗൃഹസമ്പർക്കം വീണ്ടും നടത്താനും സ്ളിപ്പ് വിതരണത്തിനും ഒരുക്കം പൂർത്തിയായി. ബൂത്തുതലത്തിൽ വോട്ടർമാരെ വിലയിരുത്തി വോട്ടുകൾ അനുകൂലമോ പ്രതികൂലമോയെന്ന കണക്കെടുപ്പ് ആരംഭിച്ചുകഴിഞ്ഞു. ഓരോ വീടുകൾ വീതം വിലയിരുത്തിയാണ് പ്രാദേശികനേതാക്കൾ സാദ്ധ്യതകൾ വിലയിരുത്തുന്നത്. ഇവയുടെ അടിസ്ഥാനത്തിൽ അവസാനഘട്ടത്തിൽ വോട്ടുകൾ മറിച്ചെടുക്കാനുള്ള സാദ്ധ്യതകളും വിനിയോഗിക്കുമെന്ന് നേതാക്കൾ പറയുന്നു. പാർട്ടി അനുഭാവികളുടെയും എതിരാളികളുടെയും നിഷ്പക്ഷത പാലിക്കാൻ സാദ്ധ്യതയുള്ളവരുടെയും പട്ടികകൾ പല ബൂത്തുകളിലും തയ്യാറാക്കി. നിഷ്പക്ഷരെ ഒപ്പം നിറുത്താനുള്ള തന്ത്രങ്ങളും സ്വാധീനവും ഫലപ്രദമായി വിനിയോഗിക്കുകയാണ് ലക്ഷ്യം.
കൊട്ടിക്കലാശത്തിന് പരിമിതി
ആൾക്കൂട്ടമൊരുക്കി കൊട്ടിക്കലാശം ശക്തിപ്രകടനമാക്കാൻ കൊവിഡ് പശ്ചാലത്തിൽ കഴിയാത്തതിനാൽ മറ്റു വഴികളാണ് തേടുന്നത്. ചെറിയ ആൾക്കൂട്ടങ്ങൾ പലയിടങ്ങളിൽ സൃഷ്ടിച്ച് തങ്ങളാണ് മുന്നിലെന്ന പ്രതീതി വോട്ടർമാരിൽ സൃഷ്ടിക്കുന്നതിനും ഒരുക്കം നടത്തിയിട്ടുണ്ട്. കേന്ദ്രീകൃത കൊട്ടിക്കലാശംവേണ്ടെന്ന നിലപാടിലാണ് നേതാക്കൾ.
പ്രചാരണം സമാപിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും ദേശീയ, സംസ്ഥാന നേതാക്കളെ രംഗത്തിറക്കുകയാണ് പാർട്ടികൾ. മൂന്നു മുന്നണികളുടെയും പ്രമുഖ നേതാക്കളുടെ പര്യടനം ഏതാണ്ട് പൂർത്തിയായി. ഇന്നലെ ബി.ജെ.പിയുടെ ദേശീയ നേതാക്കളും ജില്ലയിൽ പര്യടനം നടത്തി. രാഷ്ട്രീയ നേതാക്കൾക്ക് പുറമെ, കലാസാംസ്കാരിക, സാഹിത്യ, സിനിമാരംഗങ്ങളിലെ പ്രമുഖരും തങ്ങൾക്ക് പ്രിയപ്പെട്ട സ്ഥാനാർത്ഥികൾക്കായി വിവിധ മണ്ഡലങ്ങളിൽ വോട്ട് തേടിയെത്തി.