കൊച്ചി: കയർ സഹകരണ സംഘങ്ങളിൽ നിന്നും സംഭരിച്ച കയറിന്റെ വില കയർഫെഡ് കുടിശ്ശികയില്ലാതെ പൂർണമായും വിതരണം ചെയ്തതായി പ്രസിഡന്റ് അഡ്വ.എൻ.സായികുമാർ അറിയിച്ചു. കയർഫെഡിൽ മാർച്ച് വരെ കയർ ഇറക്കിയ സംഘങ്ങൾക്കാണ് കയറിന്റെ വില പൂർണമായും വിതരണം ചെയ്തത്. 2015-16 ൽ 77,000 ക്വിന്റലായിരുന്നു കയർ സംഭരണം. സർക്കാർ നടപ്പിലാക്കിയ രണ്ടാം കയർ പുന:സംഘടനാ പദ്ധതിയുടെ ഫലമായി സംസ്ഥാനത്തെ കയർ ഉത്പ്പാദനം ഓരോ വർഷവും ക്രമാനുഗതമായി വർദ്ധിച്ചു. കയർ സംഭരണം ഇന്ന് മൂന്നു ലക്ഷം ക്വിന്റലിൽ എത്തി. ഓരോവർഷവും കയർ ഉത്പ്പാദനത്തിൽ 30 ശതമാനം വീതം വളർച്ചയുണ്ടായി.
കയർ വില കുടിശ്ശികയില്ലാതെ നൽകുന്നതുവഴി മേഖലയിൽ ഉത്പ്പാദനവും ഉത്പ്പാദന വർദ്ധനവും തടസമില്ലാതെ നടന്നു. കയർപിരി മേഖലയിലെ തൊഴിലാളികളുടെ എണ്ണത്തിലും തൊഴിൽദിനങ്ങളിലും വർദ്ധനവുണ്ടായി. സംഭരിക്കുന്ന കയറിന്റെ ഭൂരിഭാഗവും കയർ ഭൂവസ്ത്രം ഉൾപ്പെടെയുള്ള കയർ ഉത്പ്പന്നങ്ങളാക്കി മാറ്റിയാണ് വിപണനം ചെയ്യുന്നത്. അതുവഴി ഉത്പ്പന്നമേഖയിലെ തൊഴിലാളികളുടെ തൊഴിൽദിനങ്ങളിലും ഗണ്യമായ വർദ്ധനവുണ്ടായി.
'' സംസ്ഥാന സർക്കാരിന്റെ പിന്തുണയും ധനകാര്യ,കയർവകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് നൽകിയ സഹായസഹകരണങ്ങളും കൊണ്ടാണ് കയർഫെഡിന് ഈ നേട്ടങ്ങൾ കൈവരിക്കാനായത്.
അഡ്വ.എൻ.സായികുമാർ
കയർഫെഡ് പ്രസിഡന്റ്