മൂവാറ്റുപുഴ: പൈനാപ്പിൾ വെട്ടുന്ന നീളൻ കത്തികൊണ്ട് ആക്രമണം നടത്തി വാഴക്കുളം ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആയവന വാണിയത്ത് പുത്തൻപുരയ്ക്കൽ അരുണിനെ (മൂത്താപ്പ-38) പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇയാളുടെ ആക്രമണത്തിൽ വയറിനും കൈക്കും വെട്ടേറ്റ കാവന വെട്ടിക്കനാക്കുടിയിൽ വി.വി.നിഖിലിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിഖിലിനെ വെട്ടിയ ശേഷം തൊട്ടടുത്തുള്ള പൈനാപ്പിൾ വ്യാപാര കേന്ദ്രത്തിലെ വ്യാപാരി ഷിജുവിനെയും വെട്ടാൻ ശ്രമിച്ചു. ഷിജുവിനെ നാലുപ്രാവശ്യം വെട്ടാൻ ശ്രമിച്ചെങ്കിലും കസേരയെടുത്ത് തടഞ്ഞ് രക്ഷപ്പെടുകയായിരുന്നു. വാഴക്കുളം ടൗണിലെ ബാറിന് മുന്നിലായിരുന്നു ആദ്യ സംഭവം. നിഖിലിന്റെ ബന്ധുവിന് അരുൺ പണം നൽകാനുണ്ടായിരുന്നു. ഇത് സംബന്ധിച്ച തർക്കാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. അരമണിക്കൂറിന് ശേഷമാണ് ഷിജുവിനെ ആക്രമിച്ചത്. മുമ്പ് വ്യാജമദ്യ നിർമ്മാണം ഉൾപ്പെടെ നിരവധി കേസുകളിൽ ജയിൽ വാസം അനുഭവിച്ചിട്ടുള്ളയാളാണ് അരുൺ.