shelna-nishad
എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷെൽന നിഷാദ് ശ്രീമൂലനഗരം പഞ്ചായത്തിൽ സന്ദർശിച്ചപ്പോൾ

കുടുംബസംഗമങ്ങളുമായി അൻവർ സാദത്ത്

ആലുവ: ആലുവ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്ത് പൊതുപര്യടനം അവസാനിച്ചതോടെ ഇന്നലെ കുടുംബസംഗമങ്ങളിൽ പങ്കെടുക്കുന്നതിന്റെ തിരക്കിലായിരുന്നു. നാലാംഘട്ട പ്രചരണത്തിന്റെ ഭാഗമായി കുടുംബസംഗമങ്ങൾക്ക് പുറമെ പൊതുയോഗങ്ങളിലും ഭവന സന്ദർശനങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കീഴ്മാട്, ആലുവ ബൈപ്പാസ്, എടത്തല, കാഞ്ഞൂർ, ശ്രീമൂലനഗരം, നെടുമ്പാശേരി, ചൂർണിക്കര, എടത്തല എന്നിവിടങ്ങളിൽ കുടുംബസംഗമങ്ങളിൽ പങ്കെടുത്തു. ചൂർണിക്കര മണ്ഡലത്തിലെ കുന്നത്തേരിയിൽ നടന്ന പൊതുസമ്മേളനം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു.

ഷെൽനാ നിഷാദ് ശ്രീമൂലനഗരത്ത്

എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷെൽന നിഷാദ് ശ്രീമൂലനഗരം, നെടുമ്പാശേരി പഞ്ചായത്തുകളിൽ ഇന്നലെ പര്യടനം നടത്തി. പൊതുപര്യടനം ഉൾപ്പെടെ അഞ്ചുതവണ ശ്രീമൂലനഗരം പഞ്ചായത്തിലെത്തി. ചൊവ്വര, കൊണ്ടോട്ടി, പുതുവാൻകുന്ന്, തൂമ്പാക്കടവ്, കുഴിപ്പള്ളം എന്നീ സ്ഥലങ്ങളിലെ കോളനികളിലെ വോട്ടർമാരെ കണ്ടു. തുടർന്ന് ഡി.വൈ.എഫ്‌.ഐ സംഘടിപ്പിക്കുന്ന ഫുട്‌ബാൾ മത്സരത്തിന്റെ പെനാൽറ്റി ഷൂട്ടൗട്ടു മത്സരവും ഉദ്ഘാടനം ചെയ്തു. നെടുമ്പാശേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും സന്ദർശനം നടത്തി. എൽ.ഡി.എഫ് നേതാക്കളായ ടി.വി. രാജൻ, എം.പി. അബു, എൻ.സി. ഉഷാകുമാരി, മുരളി പുത്തൻവേലി എന്നിവരും ഷെൽനക്കൊപ്പമുണ്ടായിരുന്നു.

റോഡ് ഷോയുമായി എം.എൻ. ഗോപി

എൻ.ഡി.എ സ്ഥാനാർത്ഥി എം.എൻ. ഗോപി ആലുവ നഗരത്തിലും എടത്തല നൊച്ചിമയിലും റോഡ് ഷോയിൽ പങ്കെടുത്തു. ആലുവയിൽ നടന്ന റോഡ് ഷോയിൽ കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയും പങ്കെടുത്തു. കാവടിയുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ഗാന്ധിസ്‌ക്വയറിൽ നിന്നാരംഭിച്ച റോഡ് ഷോ റെയിൽവേ സ്‌ക്വയറിൽ സമാപിച്ചു.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, മദ്ധ്യമേഖലാ സെക്രട്ടറി കെ.എസ്. രാജേഷ്, മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, ബിഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് വേണു നെടുവന്നൂർ എന്നിവർ പങ്കെടുത്തു.