കൊച്ചി : മുഖ്യമന്ത്റി പിണറായി വിജയന് കേസരി യോഗം. ഉമ്മൻ ചാണ്ടി ഈശ്വരാധീനൻ. എന്നാൽ ആര് കേരളം ഭരിക്കുമെന്നത് വ്യക്തമല്ലെന്ന് ജ്യോത്സ്യൻ വി.ആർ. മുരുകദാസ് കുട്ടിയുടെ പ്രവചനം. എറണാകുളം പ്രസ് ക്ലബിൽ കവടി നിരത്തിയായിരുന്നു വെളിപ്പെടുത്തലുകൾ. നിലവിലെ ഗ്രഹനിലപ്രകാരം പിണറായി വിജയന് തുടർഭരണ സാദ്ധ്യത തള്ളിക്കളയാനാവില്ല. ജാതകവശാൽ നിപുണനും ദൃഢനിശ്ചയക്കാരനും ധൈര്യശാലിയുമാണ് പിണറായി. എന്നാൽ ഈശ്വാരാധീനക്കുറവും ദെെവകോപവും അദ്ദേഹത്തിന് തടസം സൃഷ്ടിച്ചേക്കാം. പരിഹാരക്രിയയായി ഐക്യമത്യ പുഷ്പാഞ്ജലിയും അയ്യപ്പന് നീരാഞ്ജനവും നല്ലതാണ്. ബുധനും ശുക്രനും നല്ല നിലയിലാണ്. നിലവിൽ ശനിയുടെ ചെറിയ ദോഷമുണ്ടെങ്കിലും വ്യാഴ മാറ്റത്തിൽ സമവാക്യങ്ങളിൽ മാറ്റം ഉണ്ടാകാമെന്ന് മുരുകദാസ് കുട്ടി പറഞ്ഞു.
കേരളത്തിൽ എൻ.ഡി.എ അക്കൗണ്ട് തുറക്കുമെന്നും ലോകത്തെ പുതിയ മഹാമാരി പിടികൂടാനുള്ള സാദ്ധ്യത ഉണ്ടെന്നും ഇതിന് മുമ്പ് പ്രവചിച്ചിട്ടുള്ള ഇദ്ദേഹം ഇത്തവണ ഏത് പാർട്ടി അധികാരത്തിൽ വരുമെന്ന് വ്യക്തമാക്കിയില്ല.
യു.ഡി.എഫ് ഇത്തവണ തിരഞ്ഞെടുപ്പിൽ തിളങ്ങുന്നുണ്ടെങ്കിൽ ഉമ്മൻ ചാണ്ടിയുടെ ഈശ്വരാധീനവും വ്യക്തി പ്രഭാവവും കൊണ്ടുമായിരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചഞ്ചലനാണ്. രാജയോഗവും മഹാലക്ഷ്മി യോഗവുമുള്ള പ്രതിപക്ഷ നേതാവിന് പ്രതികരണത്തിനുള്ള പ്രതിഫലം കിട്ടാറില്ലെന്നും മുരുകദാസ് പ്രവചിച്ചു.