ആലുവ: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യയിലെ ലക്ഷക്കണക്കിന് വിശ്വാസികൾക്ക് അനുകൂലമായി ഒരിക്കൽപോലും പാർലമെന്റിൽ സംസാരിക്കാൻ കേരളത്തിൽ നിന്നുള്ള യു.ഡി.എഫ്, എൽ.ഡി.ഫ് എം.പിമാർ തയ്യാറായിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു. ആലുവ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.എൻ. ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വട്ടം കേരളം ഭരിക്കാൻ അവസരം നൽകിയാൽ വിശ്വാസികൾക്ക് അനുകൂലമായ തീരുമാനം മാത്രമല്ല, ജനപക്ഷത്ത് നിന്നുള്ള നടപടികളായിരിക്കും എൻ.ഡി.എ സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.
തൊഴിലിനായി യുവാക്കൾ സമരം നടത്തുമ്പോൾ പിണറായി സർക്കാർ കള്ളക്കടത്ത് നടത്തുകയാണ്. ഉന്നത വിദ്യാഭ്യസമുള്ള സാധാരണക്കാരന് 3,000 രൂപ വരെ ശമ്പളം ലഭിക്കാത്തപ്പോൾ പത്താംക്ളാസ് വിദ്യാഭ്യാസമുള്ളവർക്ക് മൂന്ന് ലക്ഷം രൂപ ശമ്പളം നൽകുന്നു. മന്ത്രിമാർക്കൊപ്പം വിദേശരാഷ്ട്രങ്ങൾ സന്ദർശിക്കുന്നു. കേരളത്തിൽ പരസ്പരം പോരടിക്കുന്ന കോൺഗ്രസും - കമ്മ്യൂണിസ്റ്റ് പാർട്ടികളും ബംഗാളിലും തമിഴ്നാട്ടിലുമെല്ലാം ഒരു മേശക്ക് ചുറ്റുമിരുന്ന് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കാവടിയുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ഗാന്ധിസ്‌ക്വയറിൽ നിന്നാരംഭിച്ച റോഡ് ഷോ റെയിൽവേ സ്‌ക്വയറിൽ സമാപിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, സ്ഥാനാർത്ഥി എം.എൻ. ഗോപി, മദ്ധ്യമേഖല സെക്രട്ടറി കെ.എസ്. രാജേഷ്, മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, ബിഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് വേണു നെടുവന്നൂർ എന്നിവർ പങ്കെടുത്തു.
ലത ഗംഗാധരൻ, എ.സി. സന്തോഷ്, പ്രീത രവീന്ദ്രൻ (ബി.ജെ.പി), ലൈല സുകുമാരൻ, ഷൈൻ തോട്ടക്കാട്ടുകര, ഹരിദാസ് മഹിളാലയം (ബി.ഡി.ജെ.എസ്), ബി.ജെ.പി നേതാക്കളായ ബാബു കരിയാട്, രൂപേഷ് പൊയ്യാട്ട്, രജന ഹരീഷ്, പ്രദീപ് പെരുംപടന്ന, എം.വി. ഷിബു, അപ്പു മണ്ണാച്ചേരി, പി.ഹരിദാസ്, ബേബി നമ്പേലി, ഷീജ മധു, വൈശാഖ് രവീന്ദ്രൻ, ശ്യാമപ്രസാദ്, ആർ. സതീഷ് കുമാർ, എം.യു. ഗോപുകൃഷ്ണൻ, എം.എം. സിദ്ധാർത്ഥൻ, ജി. ലാൽ, ടി.വി. ബിജു, എസ്. ശ്രീകുമാർ, ബിനു വെപ്പുമഠം തുടങ്ങിയവർ നേതൃത്വം നൽകി.
എടത്തല പഞ്ചായത്തിൽ നൊച്ചിമ കവലയിൽ നിന്ന് തുടങ്ങി തേവയ്ക്കൽ കവലയിൽ സമാപിച്ച റോഡ് ഷോയിലും സ്ഥാനാർത്ഥി പങ്കെടുത്തു.