കൊച്ചി: നഗരത്തിലെ സാമൂഹ്യവിഷയങ്ങളിൽ സജീവമായി ഇടപെടുന്ന ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ നവതിയുടെ നിറവിലാണ്. ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യർക്കുശേഷം ഒരുപക്ഷേ ഇത്രയേറെ സംഘടനകളുടെ രക്ഷാധികാരിയായ മറ്റൊരാൾ ഇൗ നഗരത്തിലുണ്ടാവില്ല. നവതിയുടെ ആഘോഷമൊന്നുമില്ലെങ്കിലും രാവിലെമുതൽ ആശംസകൾക്ക് നന്ദിപറയുന്ന തിരക്കിലായിരുന്നു ജസ്റ്റിസ് ഷംസുദ്ദീൻ. എസ്.ആർ.എം റോഡിലെ വീട്ടിൽ ആശംസകൾ നേരാൻ സുഹൃത്തുക്കളടക്കമുള്ളവർ എത്തിയിരുന്നു.
പൂക്കളെ സ്നേഹിക്കുന്ന ന്യായാധിപൻ
പൂക്കൾ പ്രത്യേകിച്ച് മുല്ലപ്പൂക്കൾ ഏറെയിഷ്ടമാണ്. മുറ്റത്ത് വെട്ടിയൊരുക്കിയ പൂന്തോട്ടത്തിൽ തെച്ചിയും ബൊഗൈൻവില്ലയുമൊക്കെ പൂത്തുലഞ്ഞുനിൽക്കുന്നു. മദ്രാസിലെ ജീവിതംമുതൽ തുടങ്ങിയതാണ് പൂക്കളോടുള്ള ഇഷ്ടം. വീടിന് പേരിടാനും മകൾക്ക് പേരിടാനും അദ്ദേഹത്തിന് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. ജാസ്മിൻ. മുല്ലപ്പൂവിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പേരിട്ടുവെന്ന് ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ പറയുന്നു.
കൊച്ചിയിലെ സ്റ്റാർനൈറ്റും റഫി ഷോയും
റഫിയുടെ സംഗീതം ഏറെയിഷ്ടമാണ്. എം.ഇ.എസിൽ പ്രവർത്തിച്ചിരുന്ന കാലത്ത് മുഹമ്മദ് റഫിയുടെ ഒരു ഗാനസന്ധ്യ ഡർബാർ ഹാൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചിരുന്നു. പിന്നീടൊരിക്കൽ ദിലീപ്കുമാർ ഉൾപ്പെടയുള്ള ബോളിവുഡ് നടന്മാരുടെ സ്റ്റാർ നൈറ്റും സംഘടിപ്പിച്ചിട്ടുണ്ട്. എം.ഇ.എസിന്റെ ഫണ്ട് സ്വരൂപിക്കാനായിരുന്നു ആ പരിപാടി.
മദിരാശി വഴി ഹൈക്കോടതിയിലേക്ക്
ചാവക്കാട് ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം മദ്രാസ് ലയോള കോളേജിലും മദ്രാസ് ലാ കോളേജിലുമായാണ് പഠനം പൂർത്തിയാക്കിയത്. സോഷ്യലിസ്റ്റ് പാർട്ടികളിൽ സജീവമായിരുന്നു. രാഷ്ട്രീയത്തോടുള്ള ഇഷ്ടംകൊണ്ടാണ് നിയമം പഠിക്കാൻ തീരുമാനിച്ചത്. അന്നത്തെ ദേശീയ നേതാക്കളൊക്കെ നിയമം പഠിച്ചവരായിരുന്നു. മദ്രാസ് ഹൈക്കോടതിയിലാണ് ആദ്യം പ്രാക്ടീസ് തുടങ്ങിയത്. 1957 ലാണ് കേരളത്തിലേക്ക് എത്തിയത്. 1986ൽ ഹൈക്കോടതി ജഡ്ജിയായി. 1993ൽ വിരമിച്ചു. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശിനി ഹഫ്സയാണ് ഭാര്യ. രണ്ടു മക്കൾ. മൂത്തമകൾ ജാസ്‌മിൻ ഹൈക്കോടതിയിൽ അഭിഭാഷകയാണ്. മകൻ സിറാജുദ്ദീൻ ബിസിനസുകാരനും.
രണ്ടു നിലപാടുകൾ
സാമ്പത്തിക സംവരണം : ഭരണഘടനാപരമല്ല. സാമൂഹ്യ സംവരണമാണ് വേണ്ടത്. സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കാൻ മറ്റു വഴികളുണ്ട്.
കാമ്പസുകളിലെ സമാധാനം : കാമ്പസിൽ പെരുമാറ്റച്ചട്ടം വേണമെന്ന് വ്യക്തമാക്കി 2019ൽ സർക്കാരിന് നൽകിയ സ്വതന്ത്ര ജുഡിഷ്യൽ കമ്മിഷൻ റിപ്പോർട്ട് അവർ തുറന്നു നോക്കിയിട്ടുപോലുമുണ്ടാവില്ല. കാമ്പസിൽ സമാധാനം ഉറപ്പാക്കേണ്ടത് സർക്കാരാണ്.