nda-paravur-
എൻ.ഡി.എ സ്ഥാനാർത്ഥി എ.ബി. ജയപ്രകാശിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ നേതൃത്വത്തിൽ പറവൂർ നഗരത്തിൽ നടന്ന റോഡ് ഷോ.

പറവൂർ: എൻ.ഡി.എ പറവൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി എ.ബി. ജയപ്രകാശിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ നേതൃത്വത്തിൽ നടത്തിയ റോഡ് ഷോ പൈതൃകനഗരത്തിന് ആവേശമായി. ചേന്ദമംഗലം കവലയിൽ നിന്നാരംഭിച്ച റോഡ് ഷോ നഗരംചുറ്റി നമ്പൂരിയച്ചൻ ആൽപരിസരത്ത് സമാപിച്ചു. തുറന്ന വാഹനത്തിൽ കേന്ദ്രമന്ത്രിയും സ്ഥാനാർത്ഥിയുമെത്തി. ഇരുചക്രവാഹനങ്ങൾ, ചെണ്ടമേളം, കാവടി എന്നിവ അകമ്പടിയായി.

മാറിമാറി ഭരിക്കുന്ന ഇടതു വലതു മുന്നണികളുടെ ദുർഭരണത്തിന് അറുതിവരുത്താൻ എൻ.ഡി.എ ഭരണത്തിൽ വന്നേ മതിയാകൂവെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷമായി അഴിമതിക്കാരുടെയും കുംഭകോണക്കാരുടെയും ഭരണമാണ് നടന്നത്. 20 വർഷമായി യു.ഡി.എഫ് ജയിച്ചുവന്നിട്ടും പറവൂരിൽ വികസനമെത്തിക്കാൻ കഴിഞ്ഞിട്ടില്ല. എൻ.ഡി.എ സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ കേന്ദ്രസർക്കാരിന്റെ എല്ലാ പദ്ധതികളും പ്രാവർത്തികമാക്കാൻ സാധിക്കുമെന്നും കൈത്തറി മേഖലയിലെ വികസനങ്ങൾക്കു മുൻതൂക്കം നൽകുമെന്നും മന്ത്രി പറഞ്ഞു.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, മദ്ധ്യമേഖലാ ജനറൽ സെക്രട്ടറി എൻ.പി. ശങ്കരൻകുട്ടി, മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് എസ്. ഭദ്രൻ, ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീകുമാർ തട്ടാരത്ത്, നിയോജകമണ്ഡലം പ്രസി‌ഡന്റ് എം.പി. ബിനു, ബി.ജെ.പി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഹരേഷ് വെൺമനശേരി, കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ടി.ജി. വിജയൻ, പി.സി. അശോകൻ, ടി.എ. ദിലീപ്, അരുൺ ശേഖർ എന്നിവർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.