മൂവാറ്റുപുഴ: ഓരോന്നിനും ഓരോ സമയമുണ്ട് എന്ന് പറയാറില്ലേ അതാണിവിടെയും സംഭവിച്ചത്. വർഷങ്ങൾക്കു മുമ്പേ ഒരു കലാലയത്തിൽ പഠിച്ചവർ തിരഞ്ഞെടുപ്പു പോരാട്ട കളരിയിൽ നേർക്ക് നേർ. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ മാത്യു കുഴൽ നാടൻ ബി.എസ്.സി ഫിസിക്സ് വിദ്യാർത്ഥിയായിരിക്കുമ്പോൾ ബി.എ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദ വിദ്യാർത്ഥിയായിരുന്നു എൽദോ എബ്രഹാം .എ.ഐ.എസ്.എഫിന്റെ മുഴുവൻ സമയ വിദ്യാർത്ഥി നേതാവായിരുന്നു എൽദോ. മാത്യു വെറും മൂന്ന് മാസം മാത്രമാണ് കോലഞ്ചേരിയിൽ പഠിച്ചിട്ടുള്ളൂ. ആ സമയത്താണ് മാത്യുവിന് തിരുവനന്തപുരം ലാ കോളേജിൽ പ്രവേശനം തരപ്പെടുന്നത്. അതിനു ശേഷം പഠനത്തിനായി തിരുവനന്തപുരത്തേക്ക് പോയി. ഈ കുറച്ചു കാലയളവിൽ തന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ എൽദോയെ മാത്യു പലപ്പോഴും കണ്ടിട്ടുണ്ട്.
ജെ.എൻ.യുവിലെ പഠനത്തിനു ശേഷം മാത്യു കുഴൽ കോൺഗ്രസിൽ സജീവമായി . അങ്ങനെ പ്രൊഫഷണൽ കോൺഗ്രസിന്റെ സംസ്ഥാന സാരഥിയായി കേരളത്തിലെത്തി.
വിദ്യാർത്ഥി സംഘടനയിലൂടെ വളർന്ന് വന്ന എൽദോ എബ്രഹാം പായിപ്ര ഗ്രാമപഞ്ചായത്തംഗമായി തന്നെയാണ് രാഷ്ട്രീയത്തിലേക്ക് കടന്ന് വന്നത്.അതിന് ശേഷമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐയുടെ പ്രതിനിധിയായി മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.