കൊച്ചി: സംസ്ഥാനത്ത് സ്വർണവില പവന് 440 രൂപകൂടി 33,320 രൂപയായി. ഗ്രാമിന് 55 രൂപ വർദ്ധിച്ച് 4165 രൂപയുമായി. 32,880 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില നേരിയതോതിൽ വർദ്ധിച്ച് 1,710.28 രൂപയിലുമെത്തി. ഗതാഗതം, ടെലികോം, ഊർജമേഖലകളിൽ രണ്ടുലക്ഷം കോടി ഡോളറിലധികം നിക്ഷേപിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചതോടെയാണ് താഴേക്ക് കൂപ്പുകുത്തിയ സ്വർണവിലയിൽ വർദ്ധനവുണ്ടായത്.
1.9 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് മാസങ്ങൾക്കിടെയാണ് പുതിയ പദ്ധതിവരുന്നത്. തുടർച്ചയായുള്ള പാക്കേജുകൾ സമ്പദ്ഘടനയിലെ പണപ്പെരുപ്പ സമ്മർദം വർധിപ്പിക്കുമെന്നും സ്വർണത്തിൻ ഡിമാൻഡ് കൂട്ടുമെന്നുമാണ് വിദഗ്ധരുടെ നിരീക്ഷണം. യു.എസിലെ ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതിനാൽ നിക്ഷേപകർ സ്വർണത്തിൽനിന്ന് പിൻവാങ്ങുന്നതാണ് കഴിഞ്ഞദിവസങ്ങളിൽ തുടർച്ചയായി വിലയിടിയാനിടയാക്കിയത്.