ന്യൂഡൽഹി: മാർച്ചിൽ ജി.എസ്.ടി വരുമാനഇനത്തിൽ സമാഹരിച്ചത് സർവകാല റെക്കാഡ് തുക. എക്കാലത്തെയും ഉയർന്ന നിലവാരമായ 1.23 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്. കഴിഞ്ഞവർഷം മാർച്ചിലെ വരുമാനവുമായി താരതമ്യംചെയ്യുമ്പോൾ 27ശതമാനമാണ് വർദ്ധന. രാജ്യത്ത് ജി.എസ്.ടി നടപ്പാക്കിയതിനുശേഷം ഇത്രയും വരുമാനം ലഭിക്കുന്നത് ഇതാദ്യമായാണ്. ഇതിനുമുമ്പ് 2021 ജനുവരിയിലായിരുന്നു ഏറ്റവും കൂടുതൽ തുക സമാഹരിച്ചത്. 1,19,875 കോടിരൂപ.
അതേസമയം, 2020 ഒക്ടോബർ മുതൽ കഴിഞ്ഞ ആറുമാസമായി ജി.എസ്.ടി വരുമാനം ഒരുലക്ഷം കോടി രൂപയ്ക്കുമുകളിലാണ്. കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തികാഘാതത്തിൽനിന്നുള്ള തിരിച്ചുവരവിന്റെ ലക്ഷണമാണിതെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഈ വർഷം മാർച്ചിൽ കേരളത്തിൽനിന്നുള്ള ജി.എസ്.ടി വരുമാനം 1827.94 കോടി രൂപയാണ്. കഴിഞ്ഞവർഷം ഇത് 1475.25 കോടി രൂപയായിരുന്നു. 24 ശതമാനമാണ് വർദ്ധന.
കേന്ദ്ര ജി.എസ്.ടി(സി.ജി.എസ്.ടി) വഴി 22,973 കോടി രൂപയും സംസ്ഥാന ജി.എസ്.ടി(എസ്.ജി.എസ്.ടി) വഴി 29,329 കോടി രൂപയും സംയോജിത ജി.എസ്.ടി(ഐ.ജി.എസ്.ടി)വഴി 62,842 കോടി രൂപയും സെസുവഴി 8,757 കോടി രൂപയുമാണ് സമാഹരിച്ചത്. സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ (-)41ശതമാനവും രണ്ടാം പാദത്തിൽ (-)8ശതമാനവും മൂന്നാം പാദത്തിൽ 8 ശതമാനവും നാലാം പാദത്തിൽ 14ശതമാനവുമാണ് ജി.എസ്.ടി വരുമാനത്തിലെ വളർച്ച.
ഒക്ടോബർ - 1,05,155 കോടി
നവംബർ - 1,04,963
ഡിസംബർ - 1,15,174
ജനുവരി - 1,19,875
ഫെബ്രുവരി - 1,13,143
മാർച്ച് - 1,23,902
കേരളത്തിൽനിന്നുള്ളത് - 1827.94 കോടി (2021 മാർച്ച്)
'' '' - 1475.25 കോടി (2020 മാർച്ച്)