നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്തിലെ മേയ്ക്കാടുവഴി കടന്നുപോകുന്ന അങ്കമാലി - പറവൂർ റോഡ് പുതുക്കി നിർമ്മിച്ചതോടെ അപകടക്കെണിയായതായി പരാതി. രണ്ടു ടാറിംഗ് കഴിഞ്ഞതോടെ റോഡ് പലയിടത്തും ഒന്നരഅടിവരെ ഉയർന്നു. റോഡിന്റെ ഇരുവശങ്ങളിലും ചപ്പാത്ത് നിർമ്മിക്കുകയോ കുഴികൾ മൂടുകയോ ചെയ്യണമെന്നാണ് ആവശ്യം. ടാറിംഗ് ജോലികൾ പൂർത്തിയായി രണ്ടുദിവസത്തിനകം ഇരുചക്രവാഹനങ്ങൾ റോഡരികിലേക്ക് മറിഞ്ഞ് നാല് അപകടങ്ങൾ ഉണ്ടായി. കാൽനടയാത്രക്കാർക്ക് ഇതുവഴി നടക്കാൻ കഴിയാത്ത അവസ്ഥയുമാണ്. ഈ റോഡിന്റെ കാരയ്ക്കാട്ടുകുന്ന് മുതൽ കണ്ടോത്ത് ശിവക്ഷേത്രം വരെയുള്ള ഭാഗം നേരത്തെ നിർമ്മാണം പൂർത്തിയായിരുന്നു. ഇവിടെ റോഡിനിരുവശവും ചപ്പാത്ത് നിർമ്മിക്കുകയും അപകടാവസ്ഥയ്ക്ക് പരിഹാരം കാണുകയും ചെയ്തിരുന്നു. അങ്കമാലി പറവൂർ റോഡ് നവീകരണത്തിൽ റോഡിനിരുവശവും കാനയും ചപ്പാത്തും നിർമ്മിച്ചും സ്ലാബുകൾ സ്ഥാപിച്ചും റോഡിലെ അപകടങ്ങൾ കുറയ്ക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിയ്ക്കണമെന്ന് നെടുമ്പാശേരി പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ വനജ സന്തോഷ് ആവശ്യപ്പെട്ടു.