തോപ്പുംപടി: ജനവിധിക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പശ്ചിമകൊച്ചിയിൽ കോൺഗ്രസിൽ പൊട്ടിത്തെറി. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി പി.കെ. അബ്ദുൾ ലത്തീഫ് പാർട്ടിയിൽ നിന്നും രാജിവെച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി ഉണ്ടായ തർക്കത്തെത്തുടർന്ന് പാർട്ടിയിൽനിന്ന് നടപടി നേരിട്ട ലത്തീഫിനെ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സമയത്താണ് തിരിച്ചെടുത്തത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ഡോമിനിക്ക് പ്രസന്റേഷന്റെ തോൽവിക്ക് കാരണം ലത്തീഫുമായി ഉണ്ടായ തർക്കമാണെന്ന് പറയുന്നു.
ഇത്തവണ കോൺഗ്രസിന് റെബൽ സ്ഥാനാർത്ഥി ഇല്ലാത്തതിനാൽ എൽ.ഡി.എഫ് ക്യാമ്പും അങ്കലാപ്പിലാണ്. കൊച്ചി മണ്ഡലം യു.ഡി.എഫിന്റെ ഉറച്ച കോട്ടയാണെന്നും എന്തുവിലകൊടുത്തും അത് തിരിച്ച് പിടിക്കുമെന്നുമാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയും അണികളും പറയുന്നത്.
മണ്ഡലം എൻ.ഡി.എ കൈയടക്കുമെന്നാണ് കൊച്ചി മണ്ഡലം സ്ഥാനാർത്ഥി സി.ജി. രാജഗോപാൽ പറയുന്നത്. ട്വന്റി 20 സ്ഥാനാർത്ഥി ഷൈനി ആന്റണിയും വീഫോർ കൊച്ചി സ്ഥാനാർത്ഥി നിപുൺ ചെറിയാനും മണ്ഡലത്തിൽ സജീവസാന്നിദ്ധ്യമാണ്.