high-court

കൊച്ചി: പോളിംഗ് ബൂത്തിലെത്തുന്നവോട്ടർമാരെ തിരിച്ചറിയാൻ മാസ്‌ക് മാറ്റാൻ നിർദ്ദേശിക്കണമെന്നും കണ്ണൂർ ജില്ലയിലെ ഏഴ് മണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകളിലെ നടപടികൾ ഒാൺലൈനിൽ കാണാൻ വെബ്കാസ്റ്റിംഗിന്റെ ലിങ്ക് ജനങ്ങൾക്ക് നൽകണമെന്നുമാവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി ഏപ്രിൽ ഏഴിനു പരിഗണിക്കാൻ മാറ്റി. ബൂത്തിൽ മാസ്ക് മാറ്റാൻ നിർദ്ദേശിക്കണമെന്ന ആവശ്യം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കോൺഗ്രസ് മാടായി ബ്ളോക്ക് പ്രസിഡന്റ് പി.പി. കരുണാകരനാണ് ഹർജിക്കാരൻ.

കണ്ണൂർ, തളിപ്പറമ്പ്, തലശേരി, ധർമ്മടം, പേരാവൂർ, പയ്യന്നൂർ, കല്യാശേരി മണ്ഡലങ്ങളിലെ വെബ്കാസ്റ്റിംഗ് ലിങ്ക് ജനങ്ങൾക്കു ഷെയർ ചെയ്യണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത്തരത്തിൽ ലിങ്ക് നൽകിയതിനാൽ ഒട്ടേറെ പരാതികൾ പരിഹരിക്കാൻ കഴിഞ്ഞെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ വെബ്കാസ്റ്റിംഗ് ലിങ്ക് പൊതുജനങ്ങൾക്ക് നൽകുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും കഴിഞ്ഞ തവണ ലിങ്ക് ജനങ്ങൾക്ക് ഷെയർ ചെയ്തത് സോഫ്ട്‌വെയർ പ്രശ്നങ്ങളുണ്ടാക്കിയെന്നും ഇലക്‌ഷൻ കമ്മിഷൻ വിശദീകരിച്ചു.