പെരുമ്പാവൂർ: പെരുമ്പാവൂരിലെ ജനങ്ങളുടെ സർവേയിൽ എൽ.ഡി.എഫാണ് മുന്നിലെന്ന് എൽ.ഡി. എഫ് സ്ഥാനാർത്ഥി ബാബു ജോസഫ് പറഞ്ഞു. ചാനലുകളിലെ സർവേകൾ കാര്യമായി കാണുന്നില്ലെന്നും പെരുമ്പാവൂർ പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ ബാബു ജോസഫ് പറഞ്ഞു. പെരുമ്പാവൂരിലെ ജനങ്ങൾ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്.അത് അവരോട് വോട്ട് ചോദിക്കുമ്പോഴുള്ള പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്. യു.ഡി.എഫിന്റെ പ്രചാരണ പരിപാടികളിൽ ഉണ്ടായതിനെക്കാൾ ജനപങ്കാളിത്തം എൽ.ഡി.എഫിന് ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് അപരനെ നിർത്തിയത് എൽ.ഡി.എഫ് പ്രവർത്തകർക്കിടയിൽ ആവേശം കൂട്ടിയിട്ടുണ്ടെന്നും ഭക്ഷ്യ കിറ്റിൽ കേന്ദ്രത്തിന് പങ്കില്ലെന്നും അത് പൂർണമായും സംസ്ഥാന സർക്കാരിന്റെ ഫണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അഡ്വ. എൻ.സി.മോഹനൻ, കെ.പി.റെജിമോൻ, കെ.പി.ബാബു, പി.എം. സലിം, എം.ഐ.ബീരാസ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.