പെരുമ്പാവൂർ: ശാസ്ത്ര സത്യങ്ങളെ തമസ്‌ക്കരിച്ച് ഒരു സമൂഹത്തിനും അധികകാലം മുന്നോട്ട് പോകുവാൻ കഴിയില്ലെന്ന് പത്മശ്രീ ജേതാവ് അലിമണിക്ക്ഫാൻ പറഞ്ഞു. കേരള സോഷ്യൽ ഫോറത്തിന്റെ അഭിമുഖ്യത്തിൾ പെരുമ്പാവൂരിൽ നൽകിയ അനുമോദന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. ശാസ്ത്രം വികസിതമാവാത്ത പുരാതന കാലത്ത് ബാഹ്യമായി കാണുന്ന പ്രകൃതി പ്രതിഭാസങ്ങളെ നോക്കി കണ്ടാണ് മനുഷ്യൻ പ്രപഞ്ച ചലനങ്ങളെയും ദിനരാത്രങ്ങളെയും വിലയിരുത്തിയിരുന്നത്.അതിന് പല പരിമിതികളും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ശാസ്ത്രം വളരെ വികസിച്ചിരിക്കുന്നു. പ്രകൃതി ചലനങ്ങളെ വളരെ കൃത്യമായി നിർണയിക്കുവാൻ ഇന്ന് ശാസ്ത്രത്തിന് കഴിവുണ്ട്. എന്നാൽ ശാസ്ത്രം വികസിക്കാത്ത കാലത്തെ നിലപാട് ചില സമൂഹങ്ങളിൽ ഇന്നും ചിലർ പിന്തുടരുവാൻ ശ്രമിക്കുന്നുണ്ട്. ഇവർ സമൂഹത്തെ പിന്നോട്ട് നയിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ ഡോ.കെ.എൻ.മധുസൂദനൻ യോഗം ഉദ്ഘാടനം ചെയ്തു. അലിമണിക്ക്ഫാന്റെ ജീവിതവും കാഴ്ചപാടുകളും രേഖപ്പെടുത്തുന്ന ചന്ദ്രോദയം ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺകർമ്മവും അദേഹം നിർവഹിച്ചു.
എൽദോസ് കുന്നപ്പിള്ളി, ടി.എം.സക്കീർ ഹുസൈൻ, യുസഫ് ഉമരി, കുഞ്ഞുമുഹമ്മദ് പുലവത്ത്,എം.പി. അബ്ദുൽ ഖാദർ,ഷെരീഫ് പുത്തൻപുര, അഡ്വ.സി.കെ.സെയ്തുമുഹമ്മദാലി,ഇസ്മായിൽ പള്ളിപ്രം,നിഷാദ് ഗാലറി എന്നിവർ സംസാരിച്ചു.