anna
അന്ന ബെന്നി

കൊച്ചി: മലയാളസാഹിത്യശാഖയ്ക്ക് ഇരട്ടിമധുരം സമ്മാനിച്ച് കൂത്താട്ടുകുളം സ്വദേശിയായ വീട്ടമ്മയുടെ രണ്ടുപുസ്തകങ്ങൾ ഒരേസമയം പ്രസിദ്ധീകരിച്ചു. ഓൺലൈൺ മാദ്ധ്യമങ്ങളിലൂടെ നൂറോളം കഥകളെഴുതിയും ഒരു കഥാസമാഹാരം പ്രസിദ്ധീകരിച്ചും ശ്രദ്ധേയയായ അന്ന ബെന്നിയുടെ ' നീ.നീ ' എന്ന നോവലും, ''ചുക്കുകാപ്പി പറഞ്ഞത് ' എന്ന കഥാസമാഹാരവുമാണ് പ്രശസ്ത നോവലിസ്റ്റ് ബന്യാമിൻ കഴിഞ്ഞദിവസം ഓൺലൈനിലൂടെ പ്രകാശനം ചെയ്തത്.

ഫേസ്ബുക്ക് ലൈവിലൂടെ നടന്ന 'അന്നക്കഥകൾ' എന്ന ആദ്യപുസ്തകത്തിന്റെ പ്രകാശന ചടങ്ങും പുസ്തകവും അന്നയെന്ന നാട്ടിൻപുറത്തുകാരിയായ വീട്ടമ്മയെ സാഹിത്യലോകത്ത് അടയാളപ്പെടുത്തുന്നതായിരുന്നു. നിത്യജീവിതത്തിലെ സമസ്യകളെയും, സങ്കീർണതകളെയും മനോഹരമായി ആവിഷ്‌കരിക്കുന്നതിൽ അന്നവിജയം കൈവരിച്ചിട്ടുണ്ടെന്ന് സാഹിത്യലോകത്തെ പല പ്രമുഖകരും വിലയിരുത്തി.

''ലളിതമായ ഭാഷയാണ് അന്നക്കഥകളുടെ മുഖമുദ്ര. കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ വൈവിധ്യമാർന്നതും ചിലപ്പോൾ ഗൗരവമുള്ളതുമാണ്. ആടിനെ ചവിട്ടിക്കൽ തൊട്ട് മാരിറ്റൽ റേപ്പ് വരെ, വിധവകളെ സമൂഹം കൈകാര്യം ചെയ്യുന്ന രീതി മുതൽ മെനോപ്പോസ് വരെ എത്രയോ വിഷയങ്ങൾ. ഏതു കഥയെടുത്താലും ചെറുതായി ഒന്ന് ചിരിക്കും അല്ലെങ്കിൽ ഒന്ന് പൊള്ളും. മനസിനെ തൊടാതെ ഒരു കഥയും കടന്നു പോകില്ല. ഒരു കഥാകാരിയുടെ കഴിവ് മനസിലാക്കാൻ അത് മതി.' എന്നായിരുന്നു യു.എൻ ദുരന്തനിവാരണ ഉദ്യോഗസ്ഥൻ മുരളി തുമ്മാരുകുടിയുടെ വിലയിരുത്തൽ. ഇതുവരെ പ്രസിദ്ധീകരിച്ച മൂന്നുപുസ്തകങ്ങളുടെയും കവർഡിസൈനും അന്ന സ്വന്തമായി ചെയ്തതാണ്. ഭർത്താവ്: കൂത്താട്ടുകുളം ഓലിയപ്പുറം പുള്ളോലിക്കൽ പി.പി. ഷൈജു. മക്കൾ: ഇവ, ഇഷ.