അങ്കമാലി: അങ്കമാലിയിലെ സാമൂഹ്യരാഷ്ട്രീയരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന എം.എസ്. ഗിരീഷ്‌കുമാറിന് കണ്ണീരിൽകുതിർന്ന അന്ത്യാഞ്ജലി. മുരിങ്ങൂരിലുണ്ടായ വാഹനാപകടത്തിൽ ബുധനാഴ്ചയാണ് നായത്തോട് കിഴക്കേ മൂത്താട്ട് വീട്ടിൽ ഗിരീഷ്‌കുമാർ മരണമടഞ്ഞത്. ഒന്നരപ്പതിറ്റാണ്ട് അങ്കമാലി നഗരസഭാ കൗൺസിലറായും വൈസ് ചെയർമാനായും അങ്കമാലി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ച ഗിരീഷ്‌കുമാറിന് വിപുലമായ സുഹൃദ്‌വലയവും ജനകീയാംഗീകാരവും ഉണ്ടായിരുന്നു. ഊർജസ്വലനായ പൊതുപ്രവർത്തകനെയാണ് നാടിന് നഷ്ടമായത്.
മൃതദേഹം അങ്കമാലി മുനിസിപ്പൽ ഓഫീസിലും സഹകരണബാങ്കിലും പൊതുദർശനത്തിന് വച്ചശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ആയിരങ്ങൾ അന്ത്യോപചാരമർപ്പിക്കാൻ എത്തി. ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ റോജി എം. ജോൺ, ബി.ഡി. ദേവസി, സംസ്ഥാന വനിതാകമ്മീഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, നഗരസഭ ചെയർമാൻ റെജി മാത്യു, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, മുൻ എം.എൽ.എ സാജുപോൾ, സ്ഥാനാർത്ഥികളായ അഡ്വ. ജോസ് തെറ്റയിൽ, അഡ്വ. കെ.വി. സാബു, കാലടി ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് കെ.എ. ചാക്കോച്ചൻ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
നായത്തോട് സ്‌കൂൾ ജംഗ്ഷനിൽ ചേർന്ന അനുശോചന യോഗത്തിൽ എം.പി. പത്രോസ്, പി.പി. ജെയിംസ്, കെ.കെ. ഷിബു, കെ കുട്ടപ്പൻ, അഡ്വ.ഷിയോ പോൾ, സി.ബി. രാജൻ, ടി.ജി. ബേബി, ബെന്നി മുഞ്ഞേലി, മാത്യുസ് കോലഞ്ചേരി, എം.പി. സേതുമാധവൻ, ബിജു പൂപ്പത്ത്, എം. മനോജ്, എം.കെ. റോയി, ടി.വൈ. ഏല്യാസ് തുടങ്ങിയവർ സംസാരിച്ചു.