കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണയ്ക്കുകയും ഭൂസമര പ്രസ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ആദിവാസി ഗോത്രമഹാസഭ സ്‌റ്റേറ്റ് കോ ഓർഡിനേറ്റർ എം.ഗീതാനന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇടതുപക്ഷത്തിന്റെ തുടർഭരണം യാഥാർത്ഥ്യമായാൽ ആദിവാസി, ദളിത് പാർശ്വവത്കൃതരുടെ നാശത്തിന് കാരണമാകും. കൊവിഡ് കാലത്തെ സുഭിക്ഷം കേരളം പദ്ധതിയിൽ നിന്ന് ഉൾപ്പെടെ ദളിത് ആദിവാസികളെ ഒഴിവാക്കിയതും പെസനിയമം നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നടപടി തടഞ്ഞതും നീതിനിഷേധിക്കുന്ന പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ഭൂരിപക്ഷ ആദിവാസി വിഭാഗമായ പണിയ ഗോത്രത്തെ അവഗണിക്കുന്ന പശ്ചാത്തലത്തിൽ വയനാട്ടിലെ മണ്ഡലങ്ങളിൽ ഒരു മുന്നണിക്കും പിന്തുണ നൽകില്ല എന്നാണ് ആദിവാസി ഗോത്രമഹാസഭയുടെ തീരുമാനം. രാഹുൽ ഗാന്ധിയുടെ വരവും ആദിവാസി ദളിത് വിഭാഗത്തിന് ഗുണം ചെയ്തില്ലെന്ന് അദ്ദേഹം പറഞ്ഞു. ദളിത് ആദിവാസി മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ, ദളിത് ആദിവാസി സ്ത്രീ പൗരാവകാശ കൂട്ടായ്മ ചെയർമാൻ സി.എസ്. മുരളി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.