തൃക്കാക്കര: തിരഞ്ഞെടുപ്പിന് നാലുനാൾ മാത്രം മുന്നിൽ നിൽക്കെ പ്രചരണവേഗം കൂട്ടി എൻ.ഡി.എ തൃക്കാക്കര മണ്ഡലം സ്ഥാനാർത്ഥി സജി. സ്വീകരണകേന്ദ്രങ്ങളുടെ എണ്ണംകൂട്ടിയും പരിമിത സമയത്തിനുള്ള പരമവധി പേരെ നേരിട്ട് കണ്ടും പ്രചാരണതന്ത്രം മാറ്റിയാണ് സജി സജീവമായത്. തൃക്കാക്കര മണ്ഡലത്തിന്റെ വികസനമില്ലായ്മയും സംസ്ഥാന സർക്കാരിന്റെ ഭരണകോട്ടങ്ങളും അക്കമിട്ട് നിരത്തിയാണ് പ്രചാരണം. മോഡി ഭരണത്തിന്റെ നേട്ടങ്ങൾ മണ്ഡലത്തിലേക്കെത്തിക്കുമെന്നാണ് വാഗ്ദാനം.
ഇന്നലെ ഗാന്ധിനഗർ, തൃപ്പൂണിത്തുറ കൊട്ടാരം റോഡ്, കടവന്ത്ര ജംഗ്ഷൻ, എളംകുളം, ജൂനിയർ ജനതാ റോഡ്, പാരഡൈസ് റോഡ്, കാച്ചപ്പള്ളി റോഡ്, പൊന്നുരുന്നി ക്ഷേത്രം, റിലയൻസ് ജംഗ്ഷൻ തുടങ്ങി നിരവധി കേന്ദ്രങ്ങളിൽ സജി പര്യടനം നടത്തി. തൃപ്പൂണിത്തുറ മുക്കൂട്ടിൽ റോഡിലെ അരുണിന്റേയും കാർത്തികയുടേയും മകൻ ആദിത് എന്ന കുരുന്ന് കൈകൂപ്പിയും താമരപ്പൂകൈമാറിയുമാണ് സജിയെ സ്വീകരിച്ചത്. എല്ലാ സ്വീകരണകേന്ദ്രങ്ങളിലും ഹൃദ്യമായ വരവേൽപ്പാണ് സജിക്ക് ലഭിച്ചത്.