കൊച്ചി : കിഴക്കമ്പലം - നെല്ലാട് റോഡ് രണ്ടുമാസത്തിനകം മികച്ച നിലവാരമുള്ള റോഡാക്കി മാറ്റുമെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി. കിഫ് ബിയിലുൾപ്പെടുത്തി നിർമ്മിക്കുന്ന റോഡിന്റെ പണി നിലച്ച മട്ടാണെന്നും സമയബന്ധിതമായി റോഡ് ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് വി.പി. സജീന്ദ്രൻ എം.എൽ.എ നൽകിയ ഹർജിയിലാണ് സർക്കാർ ഉറപ്പു നൽകിയത്. മനക്കക്കര - പള്ളിക്കടവ്, പട്ടിമറ്റം - പത്താംമൈൽ റോഡുകൾ ഹൈക്കോടതി നിർദ്ദേശ പ്രകാരം പണി പൂർത്തിയാക്കിയിട്ടുണ്ടെന്നു ഹർജിക്കാരൻ അറിയിച്ചു. കിഴക്കമ്പലം - നെല്ലാട് റോഡിന്റെ പണി കരാറുകാരൻ ഉപേക്ഷിച്ച നിലയിലാണെന്ന് ഹർജിക്കാരൻ ആരോപിച്ചു. തുടർന്നാണ് രണ്ടു മാസത്തിനകം ഗതാഗത യോഗ്യമാക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയത്. ഇതു രേഖപ്പെടുത്തി ഹർജി തീർപ്പാക്കി.