വൈപ്പിൻ: പെസഹാവ്യാഴാഴ്ചയായ ഇന്നലെ വൈപ്പിനിലെ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾ ദേവാലയങ്ങൾ സന്ദർശിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. എൻ. ഉണ്ണിക്കൃഷ്ണൻ വല്ലാർപാടം ബസിലിക്കയിലെത്തി വികാരി ഫാ. ആന്റണി വാലുങ്കലിനെ സന്ദർശിച്ചു. തുടർന്ന് വല്ലാർപാടം മിഷണറി സിസ്റ്റേഴ്‌സ് ഒഫ് ദി ഇൻകാർണേഷൻ കോൺവെന്റിലെത്തി മദർ സുപ്പീരിയറും കോൺഗ്രിഗേഷൻ യൂത്ത് മിനിസ്ട്രി അദ്ധ്യക്ഷയുമായ സിസ്റ്റർ സലോമിയുമായി കൂടിക്കാഴ്ച നടത്തി. അനുഗ്രഹങ്ങളും പ്രാർത്ഥനകളും പിന്തുണയും സ്ഥാനാർത്ഥി അഭ്യർത്ഥിച്ചു.
മണ്ഡലത്തിലെ വിവിധ ക്രിസ്തീയ ദേവാലയങ്ങൾ സന്ദർശിച്ചാണ് യു. ഡി. എഫ് സ്ഥാനാർത്ഥി ദീപക് ജോയ് പ്രചാരണം ആരംഭിച്ചത്. ചെറായി, കുഴുപ്പിള്ളി, നെടുങ്ങാട്, നായരമ്പലം, ഞാറക്കൽ, മുളവുകാട് പ്രദേശങ്ങളിലെ വിവിധ ദേവാലയങ്ങൾ സന്ദർശിച്ചു. വൈകിട്ട് എളങ്കുന്നപ്പുഴ,പെരുമ്പിള്ളി, മഞ്ഞനക്കാട് പുതുവൈപ്പ്, കൊച്ചമ്പലം , എടവനക്കാട് പ്രദേശങ്ങളിലെയും ദേവാലയങ്ങൾ സന്ദർശിച്ചു.