കൊച്ചി: ഫോർട്ടുകൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ രാമേശ്വരം - കൽവത്തി കനാലിന്റെ നവീകരണവുമായി ബന്ധപ്പെട്ട് മൈനർ ഇറിഗേഷൻ വിഭാഗം നൽകിയ നിർദ്ദേശങ്ങൾ പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. രാമേശ്വരം - കൽവത്തി കനാലിലെ നീരൊഴുക്ക് തടസപ്പെടുത്തുന്ന മാലിന്യങ്ങൾ നീക്കണമെന്നും ഇൗ മേഖലയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടികൾ വേണമെന്നുമാവശ്യപ്പെട്ട് കൊച്ചി റെസിഡന്റ്സ് അസോസിയേഷൻ കോ ഒാർഡിനേഷൻ കമ്മിറ്റി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഇൗ നിർദ്ദേശം നൽകിയത്. മൈനർ ഇറിഗേഷൻ സൂപ്രണ്ടിംഗ് എൻജിനീയർ നൽകിയ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനെക്കുറിച്ച് അറിയിക്കാൻ കൊച്ചി കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഹർജി മേയ് ആദ്യം പരിഗണിക്കും. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് കൈകാര്യം ചെയ്യുന്ന വാക്വം സ്വീവർ നെറ്റ്‌വർക്ക്, സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് എന്നിവയുടെ നിർമ്മാണത്തിന്റെ കാര്യത്തിലും നഗരസഭയുടെ വിശദീകരണം തേടിയിട്ടുണ്ട്. മൈനർ ഇറിഗേഷൻ വിഭാഗത്തിന്റെ റിപ്പോർട്ടോടെ യഥാർത്ഥപ്രശ്നങ്ങൾ എന്താണെന്ന് വ്യക്തമായെന്നും ഇത് പരിഹരിക്കാനുള്ള നടപടിയാണ് ഇനി വേണ്ടതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കൊച്ചി നഗരസഭയ്ക്കാണ് ഇതിന് പ്രാഥമിക ഉത്തരവാദത്വമെന്നും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി.
മൈനർ ഇറിഗേഷൻ സൂപ്രണ്ടിംഗ് എൻജിനീയറുടെ മുഖ്യ നിർദ്ദേശങ്ങൾ
രാമേശ്വരം - കൽവത്തി കനാലിലെ തടസം നീക്കണം.
കഴുത്തുമുട്ടുപാലം മുതൽ രാമേശ്വരംവരെ വീതികൂട്ടണം (500 മീറ്റർ ദൂരം)
പണ്ടാരച്ചിറ, ലൂക്കക്കടത്ത് എന്നിവിടങ്ങളിലെ നീരൊഴുക്ക് ക്രമീകരിക്കണം.
ഇവിടെയും കനാലിന്റെ വീതികൂട്ടണം.
നീരൊഴുക്ക് തടസപ്പെടാത്തവിധം ചിറക്കൽ, കളത്തറ പാലങ്ങൾ പുനർനിർമ്മിക്കണം.
കനാലിലേക്ക് മാലിന്യങ്ങൾ തള്ളുന്നത് തടയാൻ നഗരസഭ നടപടിയെടുക്കണം.
കനാലിന്റെ അതിർത്തികൾ റവന്യൂ ഉദ്യോഗസ്ഥർ അളന്നുതിട്ടപ്പെടുത്തണം.
കോൺക്രീറ്റ് സ്ളാബുകൾ സ്ഥാപിക്കാതെ പഴയരൂപത്തിൽ കനാൽ നിലനിറുത്തണം.