കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന കാൻസർ സെന്ററിലെ ഓപ്പറേഷൻ തീയറ്റർ അണുവിമുക്തമാക്കാൻ നടപടി ആരംഭിച്ചു. പൂർണമായി അണുവിമുക്തമാക്കിയ ശേഷം ശസ്ത്രക്രിയകൾ പുനരാരംഭിക്കും. ഇതിന് ഒരാഴ്ച വേണ്ടിവരുമെന്നാണ് കരുതുന്നത്. മെഡിക്കൽ കോളേജ് കൊവിഡ് ആശുപത്രിയാക്കിയതിനെ തുടർന്ന് കാൻസർ സെന്ററിന്റെ ഒ.പി എറണാകുളം ജനറൽ ആശുപത്രിയിലേക്കും ശസ്ത്രക്രിയാ വിഭാഗം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. കഴിഞ്ഞ മാസം ഒ.പി. കാൻസർ സെന്ററിലേക്ക് തിരിച്ചെത്തി. ശസ്ത്രക്രിയാ വിഭാഗത്തിന്റെ കാര്യത്തിലും തീരുമാനം വേണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് കൃഷ്ണയ്യർ കൂട്ടായ്മ ആരോഗ്യ സെക്രട്ടറിക്ക് പരാതി നൽകിയതിനെ തുടർന്നാണ് പ്രവർത്തനം പുനരാരംഭിക്കാൻ വഴിതെളിഞ്ഞത്.