കൊച്ചി: ഇടതു വലതു മുന്നണി സ്ഥാനാർത്ഥികളുടെ ജയപരാജയങ്ങളെക്കാൾ എറണാകുളം ജില്ലയിൽ ആകാംക്ഷ രാഷ്ട്രീയേതര സംഘടനാ സ്ഥാനാർത്ഥികൾ ചരിത്രം കുറിക്കുമോയെന്നാണ്. പുറമേ ആശങ്ക പ്രകടിപ്പിക്കുന്നില്ലെങ്കിലും ഏതാനും മണ്ഡലങ്ങളിൽ ഇരുമുന്നണികൾക്കും സ്ഥാനാർത്ഥികൾക്കും നെഞ്ചിടിക്കുന്നുണ്ട്. ജനകീയ സംഘടനാ സ്ഥാനാർത്ഥികൾ ജയിച്ചില്ലെങ്കിലും തങ്ങളുടെ സാദ്ധ്യതകൾക്ക് ഭീഷണി സൃഷ്ടിക്കുമെന്ന ആശങ്കയും ശക്തമാണ്.
കിഴക്കമ്പലം ഗ്രാമപഞ്ചായത്തിൽ രണ്ടാംതവണയും ഭരണം പിടിച്ച ട്വന്റി 20, കൊച്ചി നഗരസഭാ തിരഞ്ഞെടുപ്പിൽ മുന്നേറ്റം സ്വന്തമാക്കിയ വി. ഫോർ കൊച്ചി, ചെല്ലാനം ട്വന്റി 20 എന്നിവയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ സജീവമായ രാഷ്ട്രീയേതര സംഘടനകൾ.
രാഷ്ട്രീയമല്ല, വികസനവും സാധാരണക്കാരുടെ ജീവിതനിലവാരം വർദ്ധിപ്പിക്കലും അടിസ്ഥാന ആവശ്യങ്ങളുടെ സാഫല്യവുമാണ് പ്രധാനമെന്നാണ് ഇവർ മുന്നോട്ടു വയ്ക്കുന്ന പ്രധാന അജണ്ട. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നും യുവാക്കളിൽ നിന്നും ഇവർക്ക് ലഭിക്കുന്ന പിന്തുണയുമാണ് രാഷ്ട്രീയപാർട്ടികളെ ആശങ്കയിലാക്കുന്നത്.
കുന്നത്തുനാട് ശ്രദ്ധേയം
കിഴക്കമ്പലം ട്വന്റി 20 യാണ് മത്സരരംഗത്ത് കേരളമാകെ ശ്രദ്ധിക്കുന്ന രാഷ്ട്രീയേതര സംഘടന. കിഴക്കമ്പലം ഉൾപ്പെടെ നാലു ഗ്രാമപഞ്ചായത്തുകളുടെയും രണ്ടു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെയും മൂന്നു ബ്ളോക്ക് പഞ്ചായത്ത് ഡിവിഷനുകളുടെയും ഭരണം തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയിട്ടുണ്ട് ട്വന്റി 20. വ്യത്യസ്തമായ കാഴ്ചപ്പാടുകളും ആശയങ്ങളും പദ്ധതികളും അവതരിപ്പിക്കുന്ന അവർ വോട്ടർമാരെ സ്വാധീനിക്കുന്നത് എൽ.ഡി.എഫ്, യു.ഡി.എഫ്., എൻ.ഡി.എ മുന്നണികളെ ആശങ്കപ്പെടുത്തുന്നുണ്ട്. ട്വന്റി 20 നേടുന്ന വോട്ടുകൾ മുന്നണി സ്ഥാനാർത്ഥികളുടെ വിജയപരാജയങ്ങൾ നിർണയിക്കും.
കിഴക്കമ്പലം, പെരുമ്പാവൂർ, മൂവാറ്റുപുഴ, തൃക്കാക്കര, എറണാകുളം, വൈപ്പിൻ, കോതമംഗലം, കൊച്ചി മണ്ഡലങ്ങളിലാണ് ട്വന്റി 20 മത്സരിക്കുന്നത്. കുന്നത്തുനാട്ടിൽ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ട്വന്റി 20 നേതൃത്വം. ഡോ. സുജിത് പി. സുരേന്ദ്രനാണ് സ്ഥാനാർത്ഥി. മണ്ഡലത്തിലെ നാലു ഗ്രാമപഞ്ചായത്തുകൾ ഭരിക്കുന്നത് ട്വന്റി 20 യാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 44,000 ഓളം വോട്ടുകൾ ലഭിച്ചതാണ് പ്രതീക്ഷയുടെ കരുത്ത്.
പ്രതീക്ഷ കൈവിടാതെ മുന്നണികൾ
മൂന്നു തവണ തുടർച്ചയായി ജയിച്ച വി.പി. സജീന്ദ്രനാണ് കുന്നത്തുനാട്ടിൽ യു.ഡി.എഫ് സ്ഥാനാർത്ഥി. മണ്ഡലത്തിലെ വികസനം വോട്ടാക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. കോൺഗ്രസിൽ നിന്ന് സി.പി.എമ്മിലെത്തിയ പി.വി. ശ്രീനിജിനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. സർക്കാരിന്റെ നേട്ടങ്ങൾ കൂടി വോട്ടാക്കാമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ. ഇരു മുന്നണികളും ശക്തമായ പ്രവർത്തനം കാഴ്ചവയ്ക്കുമ്പോഴും ട്വന്റി 20 തങ്ങളുടെ വോട്ടുകളും നിഷ്പക്ഷരുടെ വോട്ടുകളും കൈയടക്കുമോയെന്ന ആശങ്ക ശക്തമാണ്.
കിഴക്കമ്പലം ട്വന്റി 20 യുമായി സഹകരിച്ചാണ് ചെല്ലാനത്തെ ട്വന്റി 20 യുടെ പ്രവർത്തനം. ചെല്ലാനത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കരുത്തുകാട്ടിൽ ട്വന്റി 20 കൊച്ചി മണ്ഡലത്തിൽ ഇരു മുന്നണികൾക്കും ഭീഷണി ഉയർത്തുന്നുണ്ട്. ചെല്ലാനം ഉൾപ്പെടുന്ന മണ്ഡലം തിരിച്ചുപിടിക്കാൻ കച്ചമുറുക്കിയ യു.ഡി.എഫിനാണ് കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നത്.
കരുത്ത് കാട്ടാൻ വി ഫോർ
നഗരസഭാ തിരഞ്ഞെുപ്പിൽ ശ്രദ്ധ നേടിയ വി ഫോർ കൊച്ചിയും മത്സരത്തിൽ സജീവമാണ്. കൊച്ചി, തൃക്കാക്കര, എറണാകുളം മണ്ഡലങ്ങളിൽ കരുത്ത് തെളിയിക്കുമെന്നാണ് അവർ അവകാശപ്പെടുന്നത്. കൊച്ചിയിൽ മത്സരിക്കുന്ന നിപുൺ ചെറിയാനാണ് സ്ഥാനാർത്ഥികളിൽ പ്രധാനി. തുടക്കത്തിലെ സ്വീകാര്യത നിലനിറുത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.
തമ്മിലും പോരാട്ടം
രാഷ്ട്രീയേതര സംഘടനകൾ തമ്മിൽ ഏറ്റുമുട്ടുന്ന കൗതുകവും ജില്ലയിലുണ്ട്. എറണാകുളം, തൃക്കാക്കര, കൊച്ചി മണ്ഡലങ്ങളിൽ ട്വന്റി 20 യുടെയും വി. ഫോർ കൊച്ചിയുടെയും സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. പ്രൊഫഷണലുകളെയാണ് ഇരുവരും സ്ഥാനാർത്ഥികളാക്കിയത്. യോജിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ട്വന്റി 20 അനുകൂല നിലപാട് സ്വീകരിക്കാത്തതാണ് പരസ്പരം മത്സരിക്കുന്നതിന് വഴിതെളിച്ചതെന്ന് വി ഫോർ നേതാക്കൾ പറഞ്ഞു.