കൊച്ചി: ബൂത്തിൽ നേരിട്ടെത്തി വോട്ട് ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്കായി (ആബ്‌സെന്റീവ് വോട്ടേഴ്‌സ്) പുതുതായി ഒരുക്കിയ പോസ്റ്റൽ വോട്ടിംഗ് നടപടികൾ ജില്ലയിൽ പൂർത്തിയായി. ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലായി 95 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 80 വയസിന് മുകളിൽ പ്രായമുളളവർ, ഭിന്നശേഷിക്കാർ, കൊവിഡ് രോഗബാധിതർ എന്നിവർ ഉൾപ്പെടുന്നതാണ് പുതുതായി തപാൽ വോട്ടിംഗ് സൗകര്യം ലഭ്യമായ ആബ്‌സെന്റീവ് വോട്ടേഴ്‌സ് വിഭാഗം.
ജില്ലയിൽ ഈ വിഭാഗത്തിൽ തപാൽ വോട്ട് അനുവദിച്ചത് 31,937 പേർക്കായിരുന്നു. ഇവരിൽ 30,342 പേർ തപാൽ വോട്ടിംഗ് സൗകര്യം പ്രയോജനപ്പെടുത്തി. 1,595 പേർ വോട്ട് നിരസിച്ചു. ഇവർക്ക് തിരഞ്ഞെടുപ്പിൽ ഇനി വോട്ട് ചെയ്യാൻ സാധിക്കുകയുമില്ല. തപാൽ വോട്ടിനായി അപേക്ഷിച്ച 80 വയസിന് മുകളിൽ പ്രായമുള്ളവർ 29,781 പേരായിരുന്നു. ഇവരിൽ 28,286 പേർ വോട്ട് ചെയ്തു. ഭിന്നശേഷി വിഭാഗത്തിലെ വോട്ടർമാരുടെ എണ്ണം 2,147. ഇതിൽ 2,048 പേർ വോട്ട് രേഖപ്പെടുത്തി. കൊവിഡ് രോഗബാധിത വിഭാഗത്തിൽ ഒൻപത് പേരിൽ എട്ടുപേർ വോട്ട് ചെയ്തു.
ആബ്‌സെന്റീവ് വോട്ടേഴ്‌സ് വിഭാഗത്തിൽ ഏറ്റവുമധികം വോട്ടർമാർ പിറവം മണ്ഡലത്തിലായിരുന്നു. ആകെ വോട്ടർമാർ 3,952. ഇതിൽ 3,763 പേർ തപാൽ വോട്ടിംഗ് സൗകര്യം വിനിയോഗിച്ചു. രണ്ടാമത്തെ മണ്ഡലം മൂവാറ്റുപുഴ. ആകെ വോട്ടർമാർ 3,090. ഇവിടെ 2,921 പേരാണ് തപാൽ വോട്ടിംഗ് സൗകര്യം പ്രയോജനപ്പെടുത്തിയത്.
ഏറ്റവും കുറവ് വോട്ടർമാർ തൃപ്പൂണിത്തുറയിലാണ്. 1,240 പേർ. ഇവിടെ 1,170 പേർ വോട്ട് രേഖപ്പെടുത്തി. പെരുമ്പാവൂർ 2,574, അങ്കമാലി 2,731, ആലുവ 1,711, കളമശേരി 1,794, പറവൂർ 2,304, വൈപ്പിൻ 1,584, കൊച്ചി 1,416, എറണാകുളം 1,505, തൃക്കാക്കര 1,546, കുന്നത്തുനാട് 2,499, കോതമംഗലം 2,824.
ആബ്‌സെന്റീവ് വോട്ടേഴ്‌സ് ഏറ്റവുമധികം പിറവത്ത് 3,952
ഏറ്റവും കുറവ് തൃപ്പൂണിത്തുറയിൽ 1,240