കൊച്ചി: തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് ചൂട് കൊച്ചി നഗരത്തിലും അറിയാം. തേവര വാത്തുരുത്തി കോളനിയിൽ ചെന്നാൽ മതി.നഗരത്തിൽ ചെറുകിട ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് തമിഴർ വസിക്കുന്നയിടമാണ് വാത്തുരുത്തി. നഗരത്തിനുള്ളിലെ ഭേദപ്പെട്ട ഒരു ചേരിയെന്നും പറയാം. കോളനിവാസികളിൽ ഏറെപ്പേരും നാട്ടിലേക്ക് വോട്ടിടാൻ പോയിക്കഴിഞ്ഞു. ബാക്കിയുള്ളവർ യാത്രയ്ക്കുള്ള ഒരുക്കത്തിലുമാണ്. ഞായറാഴ്ചയോടെ വാത്തുരുത്തി അക്ഷരാർത്ഥത്തിൽ കാലിയാകും. തമിഴ്നാട്ടിലെ എല്ലാതിരഞ്ഞെടുപ്പിനും ഇത് പതിവ് കാഴ്ചയാണ്.
തമിഴ്നാട്ടിൽ നിന്നും വോട്ട് തേടി ഫോൺ വിളികൾ പതിവാണ്. ചില സ്ഥാനാർത്ഥികൾ പ്രതിനിധികളെയും അയയ്ക്കും. ബസ് ഏർപ്പെടുത്തി നൽകുന്ന സ്ഥാനാർത്ഥികളുമുണ്ട്.
വിളിച്ചാലും ഇല്ലെങ്കിലും തങ്ങൾ വോട്ടുചെയ്യാൻ പോകുമെന്ന് രാമനാഥപുരം സ്വദേശി അറുമുഖം പറഞ്ഞു. അറുമുഖം ഇന്ന് നാട്ടിലേക്ക് പോകും. 1983ൽ ആണ് ഇവിടെ ജോലിക്ക് എത്തിയത്. കുടുംബം രാമനാഥപുരത്താണ്. എ.ഡി.എം.കെയുടെ കീർത്തിക മുനിസ്വാമിയും ഡി.എം.കെയുടെ കണ്ണപ്പനുമാണ് ശക്തരായ സ്ഥാനാർത്ഥികൾ. ഇരുകൂട്ടരും വിളിക്കാറുണ്ടെന്നും അറുമുഖൻ പറഞ്ഞു. ഉസലാംപട്ടി സ്വദേശി ബാലകൃഷ്ണനും നാളെ തമിഴ്നാട്ടിലേക്ക് പോകും.
കുടുംബത്തോടെ താമസിക്കുന്ന ഡിണ്ടിഗൽ സ്വദേശികളായ നടരാജൻ, പാണ്ടിയമ്മ, നാഗമുത്തു, പളനിയമ്മ എന്നിവരും ഇന്ന് യാത്ര തിരിക്കും. ബസിലും ട്രെയിനുമായി എല്ലാവരും ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. വോട്ട് അവകാശമാണ് അത് വിനിയോഗിക്കുക തന്നെ ചെയ്യുമെന്ന് പൂക്കച്ചവടക്കാരനായ കറപ്പുസ്വാമി പറഞ്ഞു.
തമിഴ്നാട്ടിലും കേരളത്തിലും വോട്ടുള്ളവരും ഇക്കൂട്ടത്തിൽ ഉണ്ട്. വാത്തുരുത്തിയിൽ 1000 തമിഴ് കുടുംബങ്ങളിലായി 3000 പേരോളം താമസിക്കുന്നുണ്ടെന്ന് കൗൺസിലർ ടിബിൻ ദേവസി പറഞ്ഞു.