anwar-sadath-mla
യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്ത് നെടുമ്പാശേരിയിൽ പര്യടനം നടത്തിയപ്പോൾ

ആലുവ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിലെത്തിയപ്പോൾ മുന്നണികളുടെ വീറും വാശിയുമേറിയെങ്കിലും ദു:ഖവെള്ളിയായ ഇന്നലെ സ്ഥാനാർത്ഥികൾക്കെല്ലാം നിശബ്ദ പ്രചാരണമായിരുന്നു. ദിവസങ്ങളായുള്ള മൈക്ക് അനൗൺസ്മെന്റ് ഉൾപ്പെടെ ഒഴിവാക്കിയിരുന്നു. യു.ഡി.എഫ് ഒൗദ്യോഗികമായി വാഹന പ്രചാരണം ഒഴിവാക്കിയതായി അറിയിച്ചിരുന്നു. അതേസമയം സ്ഥാനാർത്ഥികളും പ്രവർത്തകരുമെല്ലാം ഇന്നലെയും പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്ത് ആലുവ, നെടുമ്പാശേരി, ചൂർണിക്കര എന്നിവിടങ്ങൾ സന്ദർശിച്ചു. ദുഃഖ വെള്ളിയുടെ ഭാഗമായി ക്രൈസ്തവ ദേവാലയങ്ങളും സന്ദർശിച്ചു. എടത്തല, കീഴ്മാട്, ശ്രീമൂലനഗരം, നെടുമ്പാശേരി എന്നിവിടങ്ങളിൽ കുടുംബ യോഗങ്ങളിലും പങ്കെടുത്തു. ഈസ്റ്റർ വിഷു ആശംസകളും, മാതൃക വോട്ടിംഗ് യന്ത്രവുമായി പ്രവർത്തകർ സ്‌ക്വാഡിറങ്ങി. വിദ്യാർത്ഥി വിഭാഗം ഇന്ന് വൈകിട്ട് ആലുവയിൽ വിദ്യാർത്ഥി റാലി സംഘടിപ്പിക്കും. കുന്നത്തേരിയിൽ പൊതുസമ്മേളനം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു.

എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷെൽന നിഷാദ് എടത്തല, കീഴ്മാട് പഞ്ചായത്തുകളിൽ വോട്ടഭ്യർത്ഥന നടത്തി. നൊച്ചിമ പുള്ളാലിക്കര, അൽഅമീൻ നഗർ എന്നിവിടങ്ങളിലെ വീടുകളും വ്യാപാര സ്ഥാപനങ്ങളിലും എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമത്തിലും സന്ദർശിച്ചു. ടി.ആർ. അജിത്, കെ.എ. ബഷീർ, സതി ലാലു, പ്രീജ കുഞ്ഞുമോൻ, അബ്ദുൾ ഖാദർ, റൈജ അമീർ, ഒ.വി. ദേവസി, എം.ജെ. ടോമി, സലിം എടത്തല, അഫ്സൽ കുഞ്ഞുമോൻ എന്നിവരും പര്യടനത്തിൽ പങ്കെടുത്തു.

എൻ.ഡി.എ സ്ഥാനാർത്ഥി എം.എൻ. ഗോപി വിവിധ കുടുംബയോഗത്തിലും പ്രധാന സ്ഥാപനങ്ങളിലും എത്തി വോട്ടഭ്യർത്ഥിച്ചു. തുരുത്തുശേരി സിംഹാസന പള്ളിയിലെ ഡോ. ഏലിയാസ് മാർ അത്തനേഷ്യസ് തിരുമേനിയെക്കണ്ട് അനുഗ്രഹം വാങ്ങി. ഐ.എം.എ സംഘടിപ്പിച്ചു സ്ഥാനാർത്ഥി സംഗമത്തിലും പങ്കെടുത്തു. കെ.എസ്. രാജേഷ്, എ. സെന്തിൽകുമാർ, എ.കെ. ഷാജി, എം.എ. വിനോദ്, ശശി തുരുത്ത്, സി. സുമേഷ്, രമണൻ ചേലാകുന്ന്, പി.സി. ബാബു, സുനിൽകുമാർ, എ.സി. സന്തോഷ്, രൂപേഷ് പൊയ്യാട്ട്, പി.എസ്. പ്രീത, രജന ഹരീഷ്, പ്രദീപ് പെരുംപടന്ന, ശാരി വിനോദ്, ഗോപാലൻ തുടങ്ങിയവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.