കൊച്ചി: എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) പിന്നാലെ കസ്റ്റംസിനെയും അന്വേഷണവരുതിയിലാക്കാൻ പൊലീസ്. പൊതുഭരണവകുപ്പിലെ അസി.പ്രോട്ടോക്കോൾ ഓഫീസർ എം.എസ്. ഹരികുമാറിനെ കൈയേറ്റംചെയ്യാൻ ശ്രമിച്ചെന്ന സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷന്റെ പരാതിയിൽ സമഗ്ര അന്വേഷണത്തിന് പൊലീസ് ഒരുങ്ങുന്നു. തിരഞ്ഞെടുപ്പിനുശേഷം കസ്റ്റംസ് ഉദ്യോഗസ്ഥരെ നോട്ടീസ് നൽകി വിളിച്ചുവരുത്തും. കൊച്ചി ഡി.സി.പി ഐശ്വര്യ ഡോംഗ്റെയ്ക്കാണ് അന്വേഷണച്ചുമതല. ഡോളർ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെയുള്ള നീക്കത്തിന് പിന്നാലെ സർക്കാരും കസ്റ്റംസും രണ്ടു തട്ടിലാണ്. ഒരുഘട്ടത്തിൽ പരസ്യപ്പോരിലേക്കും കാര്യങ്ങൾ എത്തിയിരുന്നു.
വിവരങ്ങൾ തേടി, വിളിപ്പിച്ചിട്ടില്ല
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിൽ എം.എസ്. ഹരികുമാറിനെ കസ്റ്രംസ് ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്നും കൈയേറ്റത്തിന് ശ്രമിച്ചെന്നുംകാട്ടി ഭരണാനുകൂല സംഘടന ജനുവരിയിലാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. സ്വർണ, ഡോളർകടത്ത് കേസുകളിൽ ഇ.ഡിയും കസ്റ്റംസും അന്വേഷണം കടുപ്പിച്ചതിന് പിന്നാലെയാണ് ഈ പരാതി കൊച്ചി ഡി.സി.പിക്ക് കൈമാറിയത്.
പരാതിയിൽ പ്രാഥമികഅന്വേഷണം മാത്രമേ നടന്നിട്ടുള്ളൂ. അതേസമയം ഇ.ഡിക്കെതിരായ കേസിന്റെ വാദം ഹൈക്കോടതിയിൽ നടക്കുന്നതിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയെന്ന ആരോപണം പൊലീസ് തള്ളി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റംസ് അസി.കമ്മിഷണർ ലാലുവിൽനിന്ന് ഫോണിലൂടെ വിവരങ്ങൾ തേടിയതാണെന്നും ആരെയും വിളിച്ചുവരുത്തി ചോദ്യംചെയ്തിട്ടില്ലെന്നും ഡി.സി.പി ഐശ്വര്യ ഡോംഗ്റെ കേരളകൗമുദിയോട് പറഞ്ഞു.
പരാതിയിൽ പറയുന്നത്
സ്വർണക്കടത്ത് കേസിൽ ജനുവരി അഞ്ചിനാണ് എം.എസ്. ഹരികുമാർ ഇ.ഡിക്കുമുന്നിൽ ഹാജരായത്. 11മണിക്കൂറോളംനീണ്ട ചോദ്യംചെയ്യലിൽ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ലാലു കൈയേറ്റംചെയ്തു. ഹീനവാക്കുകളിലൂടെ മാനസിക പീഡനത്തിന് ഇരയാക്കി. കാക്കനാട്ടെ ജയിലിലടയ്ക്കുമെന്ന് ഭീഷണി മുഴക്കി. അസി. കമ്മിഷണറുടെ പെരുമാറ്റം കടുത്ത മാനസിക ആഘാതവും ശാരീരിക അവശതയും ഉണ്ടാക്കി. തന്നിൽ നിക്ഷിപ്തമായ കടമകൾ കൃത്യമായി നിർവഹിക്കുന്ന ഉദ്യോഗസ്ഥനാണ് ഹരികൃഷ്ണൻ. അന്വേഷണത്തിന്റെ പേരിൽ അദ്ദേഹം നേരിട്ട മാനസികപീഡനവും കൈയേറ്റവും അംഗീകരിക്കാവുന്നതല്ല. അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്ത കസ്റ്റംസ് അസി. കമ്മിഷണർ ലാലുവിന്റെ പ്രവൃത്തികളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണം.
കോടതിയലക്ഷ്യ ഹർജി: സമയം വേണമെന്ന് കസ്റ്റംസ്
സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്തുവിട്ട കസ്റ്റംസിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിശദീകരണത്തിന് കൂടുതൽ സമയം വേണമെന്ന് കസ്റ്റംസ് കമ്മിഷണർ സുമിത്കുമാർ ആവശ്യപ്പെട്ടു. തുടർന്ന് അഡ്വക്കേറ്റ് ജനറൽ ഹർജി മദ്ധ്യവേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി. സ്വപ്നയ്ക്ക് ജയിലിൽ മതിയായസുരക്ഷ നൽകണമെന്ന എറണാകുളം അഡി. സി.ജെ.എം കോടതിയുടെ ഉത്തരവിനെതിരെ ജയിൽ ഡി.ജി.പി നൽകിയ ഹർജിയിലാണ് സ്വപ്നയുടെ രഹസ്യമൊഴിയിലെ വിവരങ്ങൾ കസ്റ്റംസ് വെളിപ്പെടുത്തിയത്. ഇതിനെതിരെ കോടതിയലക്ഷ്യനടപടി സ്വീകരിക്കാൻ അനുമതിതേടി കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ ചെയർമാനും സി.പി.എം നേതാവുമായ കെ.ജെ. ജേക്കബ് നൽകിയ ഹർജിയിൽ അഡ്വക്കേറ്റ് ജനറൽ കസ്റ്റംസ് കമ്മിഷണർക്ക് നോട്ടീസ് നൽകിയിരുന്നു.