കൊച്ചി: ജലമെട്രോയ്ക്കുവേണ്ടി കൊച്ചി കപ്പൽശാല നിർമിച്ച ആദ്യത്തെ ബോട്ട് നീറ്റിലിറക്കി. കപ്പൽശാലയിൽ നടന്ന ചടങ്ങിൽ കപ്പൽശാല ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. മേനോൻ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അൽക്കേഷ്‌കുമാർ ശർമ എന്നിവർ പങ്കെടുത്തു.
കൊച്ചിയിലെ കായലുകളിൽ സർവീസ് നടത്തുന്നതിന് ബോട്ടുകൾ നിർമിക്കുന്ന കരാർ കപ്പൽശാലയാണ് നേടിയത്. 23 ബോട്ടുകൾ നിർമിക്കാനാണ് കരാർ. ഇതിൽ ആദ്യത്തെ ബോട്ടാണ് നീറ്റിലിറക്കിയത്. ഒരു ബോട്ടുകൂടി അവസാനഘട്ടത്തിലാണ്. വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആധുനികസൗകര്യങ്ങളോടു കൂടിയ ബോട്ടുകളാണിവ. ശീതീകരിച്ച ബോട്ടുകൾ കൊച്ചി മെട്രോയാണ് കൈകാര്യം ചെയ്യുക.
വൈറ്റിലയിൽ ആരംഭിച്ച് കാക്കനാട്ട് അവസാനിക്കുന്ന ജലമെട്രോയിലെ ആദ്യത്തെ റൂട്ടിലാണ് പുതിയ ബോട്ട് സർവീസ് നടത്തുക. സർവീസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നിർവഹിച്ചിരുന്നു. വൈറ്റില ഹബിനോട് ചേർന്ന് നിർമാണം പൂർത്തിയാകുന്ന ടെർമിനലിൽനിന്ന് ചിത്രപ്പുഴ വഴിയാണ് കാക്കനാട്ടേയ്ക്ക് സർവീസ് നടത്തുക. ചിറ്റേത്തുകരയിലാണ് കാക്കനാട്ടെ ടെർമിനൽ നിർമിച്ചത്. വൈറ്റിലയിൽനിന്ന് കുറഞ്ഞ സമയംകൊണ്ട് ഐ.ടി കേന്ദ്രവും ജില്ലാ ആസ്ഥാനവുമായ കാക്കനാട്ട് എത്തിച്ചേരാൻ കഴിയുന്ന വിധത്തിലാണ് സർവീസ് നടത്തുക. ചിറ്റേത്തുകരയിലെ ടെർമിനലിൽനിന്ന് കാക്കനാട്ടേയ്ക്ക് യാത്രാസൗകര്യം കൊച്ചി മെട്രോ ഒരുക്കും.
ബോട്ടുകൾ നിർമിക്കാൻ 2018 ലാണ് കപ്പൽശാലയ്ക്ക് കരാർ നൽകിയത്. 747 കോടി രൂപയാണ് പദ്ധതിച്ചെലവ്. 72 കോടി രൂപ സ്ഥലം ഏറ്റെടുക്കലിന് ചെലവാകും. പദ്ധതിക്കുവേണ്ട തുക പൂർണമായും ജർമൻ ധനകാര്യസ്ഥാപനമായ കെ.എഫ്.ഡബ്‌ള്യുവാണ് വായ്പയായി നൽകുന്നത്.