media

കൊച്ചി: ജില്ലാ ജഡ്ജിമാർ ഉൾപ്പെടെയുള്ള കീഴ്ക്കോടതികളിലെ ജഡ്ജിമാരും കോടതി ജീവനക്കാരും സോഷ്യൽ മീഡിയയിലൂടെ സർക്കാരിനെയും കോടതികളെയും വിമർശിക്കുന്നത് വിലക്കി ഹൈക്കോടതി പെരുമാറ്റച്ചട്ടം ഏർപ്പെടുത്തി. ഹൈക്കോടതി ജീവനക്കാർക്കും ഇതു ബാധകമാണ്.

പെരുമാറ്റച്ചട്ടം നടപ്പാക്കി ഹൈക്കോടതി രജിസ്ട്രാർ ജനറൽ ഉത്തരവിറക്കിയിട്ടുണ്ട്.

മാർച്ച് 22ന് ചേർന്ന ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പെരുമാറ്റച്ചട്ടത്തിന് അംഗീകാരം നൽകിയിരുന്നു. സർക്കാരിനെയും സർക്കാർ നയങ്ങളെയും സർക്കാർ സ്ഥാപനങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും കോടതികളെയും കോടതിവിധികളെയും വിമർശിക്കരുതെന്നും മന്ത്രിമാർ, ജഡ്ജിമാർ, രാഷ്ട്രീയനേതാക്കൾ, സാമൂഹ്യപ്രവർത്തകർ എന്നിവരെ വിമർശിക്കാൻ പാടില്ലെന്നും ഇതിൽ പറയുന്നു.

പെരുമാറ്റച്ചട്ടം

 ഇ മെയിൽ വിലാസവും സോഷ്യൽമീഡിയ അക്കൗണ്ട് വിവരങ്ങളും ഹൈക്കോടതിയുടെ മോണിട്ടറിംഗ് സെല്ലിന് നൽകണം.

 മോണിട്ടറിംഗ് സെൽ സോഷ്യൽ മീഡിയയിലെ ഇടപെടൽ പരിശോധിച്ച് ദുരുപയോഗം രജിസ്ട്രാർ ജനറലിനെ അറിയിക്കണം.

 ഒാഫീസ് സമയത്ത് ഒൗദ്യോഗിക കാര്യങ്ങൾക്കല്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കരുത്. നിരോധിച്ച സൈറ്റുകളിൽ കയറരുത്.

 വ്യാജ ഐ.ഡികളിൽ സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കരുത്.

 സർക്കാരിനെയും നയങ്ങളെയും അപകീർത്തിപ്പെടുത്തുകയോ വിമർശിക്കുകയോ ചെയ്യരുത്.

 സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണം.

 മതപരവും സാമൂഹ്യപരവുമായ വികാരങ്ങൾ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ ഒഴിവാക്കണം

 ഒൗദ്യോഗികരേഖകളിലെ വിവരങ്ങൾ സമൂഹമാദ്ധ്യമങ്ങൾവഴി പങ്കുവയ്ക്കരുത്.

 ബ്ളോഗുകൾ കൈകാര്യംചെയ്യാൻ ഹൈക്കോടതിയുടെ മുൻകൂർ അനുമതി വാങ്ങണം.

 സഭ്യമായ ഭാഷ ഉപയോഗിക്കണം, പദവിയുടെ അന്തസിന് ചേരാത്തവിധം സോഷ്യൽ മീഡിയ ഉപയോഗിക്കരുത്.

 കോടതികളിലെ കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സംവിധാനവും ഉപയോഗിച്ച് സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ കയറരുത്.

 സോഷ്യൽമീഡിയ വഴിയുള്ള കുറ്റകൃത്യങ്ങളിൽ പങ്കാളിയാകരുത്.