ആലുവ: വേങ്ങരയിൽ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറിയ ട്രാൻസ്ജെൻഡർ അനന്യകുമാരി അലക്സിന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുമായി (ഡി.എസ്.ജെ.പി) ബന്ധമില്ലെന്ന് പാർട്ടി പ്രസിഡന്റ് കെ.എസ്.ആർ. മേനോൻ അറിയിച്ചു. ഡി.എസ്.ജെ.പി സംസ്ഥാനത്ത് ഒരിടത്തും സ്ഥാനാർത്ഥികളെ നിറുത്തിയിട്ടില്ല.
അംഗീകൃത രാഷ്ട്രീയപ്പാർട്ടിയായ ഡി.എസ്.ജെ.പിയുടെ പ്രസിഡന്റ് താനാണ്. അച്ചടക്കവിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കപ്പെട്ട ചിലരാണ് വേങ്ങരയിലും മറ്റ് ചില മണ്ഡലങ്ങളിലും ഡി.എസ്.ജെ.പിയുടെ പേരിൽ സ്ഥാനാർത്ഥികളെ നിറുത്തിയത്. ഇതിനെതിരെ പാർട്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. നേതാക്കൾ പർദ്ദയിടാൻ നിർബന്ധിക്കുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നും ആരോപിച്ച് അനന്യ മത്സരത്തിൽ നിന്ന് പിന്മാറിയതായി വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് പാർട്ടി നിലപാട് വ്യക്തമാക്കുന്നത്. ഗുരുവായൂരിൽ ഡി.എസ്.ജെ.പിയുടെ പേര് ദുരുപയോഗം ചെയ്ത് മത്സരിക്കുന്നയാൾക്ക് എൻ.ഡി.എ നൽകിയ പിന്തുണ പിൻവലിക്കണമെന്നും കെ.എസ്.ആർ. മേനോൻ ആവശ്യപ്പെട്ടു.