തൃക്കാക്കര: മുട്ടാർപുഴയിൽ പതിനൊന്നുകാരി വൈഗ മുങ്ങിമരിച്ച കേസിൽ പൊലീസ് തെരയുന്ന പിതാവ് കാക്കനാട് കങ്ങരപ്പടി ഹാർമണി ഫ്ളാറ്റിൽ ശ്രീഗോകുലത്തിൽ സാനു മോഹൻ 16 ലക്ഷത്തിന്റെ ചിട്ടി തട്ടിപ്പ് നടത്തിയ കേസിലെ പ്രതി. പൂനെയിൽ ലെയ്ത്ത് ബിസിനസ് നടത്തിവന്ന സാനു 2015ൽ 16 ലക്ഷത്തിന്റെ ചിട്ടിവിളിച്ചശേഷം പണമടക്കാതെ മുങ്ങുകയായിരുന്നു.
ബിസിനസ് തകർന്നപ്പോൾ പലരിൽനിന്നും പണം കടംവാങ്ങി. 20 ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർന്ന് വിളിച്ചെടുത്തു. തിരിച്ചടവ് മുടക്കം വന്നപ്പോൾ സെക്യൂരിറ്റിയായി കൊടുത്ത ചെക്കുകൾ മടങ്ങി. ഫിനാൻസ് സ്ഥാപനം കേസ് കൊടുത്തപ്പോഴാണ് വാടകയ്ക്ക് താമസിച്ചിടത്തുനിന്ന് അർദ്ധരാത്രി വീട്ടുസാധനങ്ങൾ പോലും എടുക്കാതെ കുടുംബം നാടുവിട്ടത്. സാനുവിന്റെ അടുത്ത ബന്ധുക്കളെല്ലാം പൂനെയിലാണ്.
അതേസമയം സാനു മോഹന്റെ സുഹൃത്തിനെ തേടി കൊച്ചി സിറ്റി പൊലീസ് തിരുവനന്തപുരത്തും. കാണാതാകും മുമ്പ് സാനു പതിവായി ബന്ധപ്പെട്ടിരുന്നത് ഈ സുഹൃത്തിനെയാണ്.
ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കോയമ്പത്തൂരിലും നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തും ടവർ ലൊക്കേഷൻ സ്ഥിരീകരിച്ചതിനാലാണ് പൊലീസ് ഇവിടേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. സാനുവാണോ ഈ ഫോൺ ഉപയോഗിക്കുന്നതെന്നും സംശയമുണ്ട്.
കാമറകൾ തകരാറിൽ
വൈഗ മരിച്ച മാർച്ച് 21ന് കങ്ങരപ്പടി ഹാർമണി ഫ്ളാറ്റിലെ സി.സി ടിവി സംവിധാനം പ്രവർത്തിച്ചിരുന്നില്ല. തലേന്ന് ഇടിമിന്നലിൽ കേടായ സി.സി ടി.വി കഴിഞ്ഞദിവസമാണ് നന്നാക്കിയത്. വൈഗയെ സാനു കാറിൽനിന്ന് തോളിലിട്ടാണ് ഫ്ളാറ്റിലേക്കും തിരിച്ചും കൊണ്ടുവന്നതെന്ന് മൊഴിയുള്ളതായി അറിയുന്നു.
സാനു മോഹൻ ചെന്നൈയിൽ
സാനു മോഹൻ ചെന്നൈയിലുണ്ടെന്ന സൂചനയെത്തുടർന്ന് തൃക്കാക്കര എസ്.ഐയും സംഘവും മൂന്ന് ദിവസമായി അവിടെയാണ്. നാളെ ഒരു പൊലീസ് സംഘം കൂടി പോകുന്നുണ്ട്.
ഫ്ളാറ്റ് പണയം വച്ചത് സ്വകാര്യ ബാങ്കിൽ ?
സാനു മോഹൻ ഭാര്യ രമ്യ അറിയാതെ അവരുടെ പേരിലുളള ഫ്ളാറ്റ് വലിയ തുകയ്ക്ക് പണയംവച്ചത് സ്വകാര്യ ബാങ്കിലാണെന്ന് പൊലീസ് പറഞ്ഞു. ജില്ലയിലെ പ്രധാന ബാങ്കുകളിലെല്ലാം പരിശോധന നടത്തിയെങ്കിലും വിവരം ലഭിച്ചിട്ടില്ല.
2016ൽ രമ്യയുടെ പേരിൽ വാങ്ങിയതാണ് കങ്ങരപ്പടി ഹാർമണി ബീറ്റാ ഗ്രീൻ 6 എ ഫ്ളാറ്റ്. സാമ്പത്തിക പ്രതിസന്ധിയിലായിരിക്കേ,ഫ്ളാറ്റ് വാങ്ങിയതെങ്ങനെയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.