കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി
കൊച്ചി/മൂവാറ്റുപുഴ: സ്വകാര്യഭാഗത്ത് മുറിവും വയറുവേദനയുമായി കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സതേടിയ അസാം സ്വദേശിനി അഞ്ചുവയസുകാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. ഇന്നലെ ഉച്ചയോടെ കോട്ടയം മജിസ്ട്രേറ്റ് ദ്വിഭാഷിയുടെ സഹായത്തോടെയാണ് മൊഴിയെടുത്തത്.
വിവരശേഖരണം ഒരു മണിക്കൂറോളം നീണ്ടു. ജനാലയിൽ തൂങ്ങിക്കളിക്കുന്നതിനിടെ കൈതെന്നി സൈക്കിളിൽ വീണാണ് പരിക്കേറ്റതെന്നാണ് കുട്ടി നേരത്തെ ചൈഡ് വെൽഫെയർ കമ്മിറ്റിക്കും പൊലീസിനും നൽകിയ മൊഴി. കുട്ടിയെ പരിശോധിക്കുന്ന വിദഗ്ദ്ധസംഘം ഈ മൊഴിയിൽ പൂർണതൃപ്തരല്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന തുടക്കം മുതലേയുള്ള സംശയത്തിലാണ് ഇവരിപ്പോഴും.
കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. അണുബാധയും പനിയും വരാതിരിക്കാനുള്ള പ്രത്യേകശ്രദ്ധയാണ് നൽകുന്നത്. വയറുവേദനയും വയർവീർക്കുകയും രക്തം പോകുന്നതും ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ കുട്ടിയെ മാർച്ച് 25നാണ് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഗുരുതരമെന്ന് കണ്ട് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ഇവിടെ വച്ചാണ് സംശയാസ്പദമായ പരിക്കുകൾ സ്വകാര്യഭാഗങ്ങളിൽ കണ്ടത്.