കൊച്ചി:ജില്ലയിലെ 1846 പോളിംഗ് കേന്ദ്രങ്ങളിൽ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്താൻ തീരുമാനമായി. വെബ് കാസ്റ്റിംഗ് നിയന്ത്രിക്കുന്നതിനായി 1,846 ഓപ്പറേറ്റർമാരെ പോളിംഗ് സ്‌റ്റേഷനുകളിലും 98 പേരെ കളക്ട്രേറ്റ് സ്പാർക്ക് ഹാളിലെ കൺട്രോൾ റൂമിലും വിന്യസിക്കും. ഇതിനു പുറമേ 431 പേരെ കൂടി പോളിംഗ് സ്റ്റേഷനുകളിൽ റിസർവ് വയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഓപ്പറേറ്റർമാർക്കുള്ള പരിശീലനം അക്ഷയ സംരംഭകർ വഴിയാണ് നടത്തുക. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ. വി. മാലതിയാണ് വെബ് കാസ്റ്റിംഗ് പ്രവർത്തനങ്ങളുടെ ജില്ലാ നോഡൽ ഓഫീസർ. കെ.എസ്.ഐ.ടി.എം ജില്ലാ പ്രൊജക്ട് മാനേജർ വിഷ്ണു കെ. മോഹനാണ് അസിസ്റ്റന്റ് നോഡൽ ഓഫീസർ. ഏപ്രിൽ അഞ്ചിന് ട്രയൽ റൺ നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.