കൊച്ചി: കളമശേരിയിൽ പോരാട്ടം കടുപ്പിക്കുകയാണ് മൂന്ന് മുന്നണികളും. രണ്ട് തവണയും തുടർച്ചയായി യു.ഡി.എഫ് വിജയിച്ച കളമശേരി ഇത്തവണ ശക്തമായ ത്രികോണ പോരിലാണ്. കഴിഞ്ഞദിവസം എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി മണ്ഡലത്തിൽ നടത്തിയ റോഡ് ഷോയോടെ എൻ.ഡി.എ പ്രചരണം പാരമ്യതയിലെത്തിയതായി മുന്നണി അവകാശപ്പെടുന്നു. മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിത്വം ഉയർത്തിയ ഭിന്നത മുസ്ലിംലീഗിൽ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. യു.ഡി.എഫിൽനിന്ന് ഇത്തവണ മണ്ഡലം പിടിച്ചെടുക്കുമെന്ന ഉറപ്പിലാണ് എൽ.ഡി.എഫ്.
പ്രചരണത്തിന്റെ ഭാഗമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.രാജീവ് മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെത്തി വോട്ടുറപ്പാക്കുന്നു. കഴിഞ്ഞതവണ എൻ.ഡി.എക്കായി മത്സരിച്ച ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി 24244 വോട്ട് പിടിച്ചിരുന്നു.
പിടിച്ചെടുക്കുമെന്ന് എൽ.ഡി.എഫ്
കഴിഞ്ഞദിവസം കരുമാലൂരിലും വെളിയത്തുനാടും കടുങ്ങല്ലൂർ പഞ്ചായത്തിലും പര്യടനം നടത്തിയ രാജീവ് വൈകിട്ട് ഉളിയന്നൂർ ജംഗ്ഷനിലെത്തിയപ്പോൾ സ്വീകരിക്കാൻ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുൾപ്പെടെയുള്ള ധാരാളംപേർ കാത്തുനിന്നിരുന്നു. സമീപത്തെ കടയിൽനിന്ന് ചായ കുടിക്കുന്നതിനിടെ രാജീവ് മണ്ഡലത്തിലെ സാദ്ധ്യതകളെക്കുറിച്ച് പറഞ്ഞു. വ്യവസായമേഖലയിലും കാർഷികരംഗത്തുമുള്ള തകർച്ച, വികസനപദ്ധതികളുടെ അഭാവം ഇതൊക്കെ മണ്ഡലത്തിലെ ജനങ്ങളുടെ മനസിലുണ്ട്. ഇത്തവണ കളമശേരിയിൽ മാറ്റമുണ്ടാകും. ജയിച്ചാൽ മണ്ഡലത്തിലെ കുടിവെള്ളപദ്ധതി, വ്യവസായമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി, കാർഷികോത്പന്നങ്ങളുടെ സംഭരണത്തിന് നടപടി, കുസാറ്റ് കേന്ദ്രീകരിച്ച് എഡ്യൂക്കേഷൻ ഹബ്, അഭ്യസ്തവിദ്യരായ വീട്ടമ്മമാർക്ക് തൊഴിൽപദ്ധതി, കാൻസർ സെന്ററിന്റെ വികസനം ഇവയൊക്കെ പ്രാവർത്തികമാക്കും.
മുന്നേറുമെന്ന് എൻ.ഡി.എ
എൻ.ഡി.എ കഴിഞ്ഞ തവണനേടിയ വോട്ടുകളിൽ നിന്ന് കുതിച്ചുചാട്ടം നടത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ സ്ഥാനാർത്ഥി പി.എസ്. ജയരാജ്. മൂന്നുവട്ടം മണ്ഡലത്തിലെ മുഴുവൻ വീടുകളും മുന്നണി സ്ക്വാഡുകൾ സന്ദർശിച്ചു. നാലാംവട്ടം ഗൃഹസമ്പർക്കം നടന്നുകൊണ്ടിരിക്കുന്നു. പര്യടന പരിപാടികൾ പൂർത്തിയാക്കിയ ജയരാജ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കുടുംബയോഗങ്ങളിൽ പങ്കെടുക്കുകയാണ്. കഴിഞ്ഞദിവസം കടുങ്ങല്ലൂർ മണിയേലി പടി 77 ബൂത്ത് കുടുംബ സംഗമത്തിനെത്തിയ ജയരാജ് മണ്ഡലത്തിൽ എൻ.ഡി.എ പ്രചരണം ഏറെ മുന്നേറിയകാര്യം ചൂണ്ടിക്കാട്ടി. കോളനികളും വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും സന്ദർശിച്ചുകഴിഞ്ഞു. മണ്ഡലത്തിലെ നിരവധി കേന്ദ്രങ്ങളിലെ ജൈവ പച്ചക്കറി കേന്ദ്രങ്ങളിൽ ജയരാജിന്റെ നേതൃത്വത്തിൽ വിളവെടുപ്പ് നടന്നു. മണ്ഡലത്തിലെ വിവാഹ ചടങ്ങുകളിലും ഗൃഹപ്രവേശ ചടങ്ങുകളിലുമൊക്കെ ജയരാജിന്റെ സാന്നിദ്ധ്യമുണ്ട്. എ.ബി.വി.പിയിലൂടെ പൊതു രംഗത്തെത്തിയ ജയരാജ് കളമശേരിയിൽ എൻ.ഡി.എയുടെ പ്രകടനത്തിൽ വൻകുതിപ്പുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ്.
തുടർച്ചയ്ക്കായി യു.ഡി.എഫ്
യു.ഡി.എഫ് എല്ലായ്പ്പോഴും കൂടെയുണ്ടാകുമെന്ന വാഗ്ദാനവുമായാണ് സ്ഥാനാർത്ഥി വി.ഇ.അബ്ദുൾ ഗഫൂറിന്റെ പ്രചരണം. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ അബ്ദുൾ ഗഫൂറിനുവേണ്ടി വിവിധ കൂട്ടായ്മകൾ നടക്കുന്നു. കടുങ്ങല്ലൂരിലെ യുവജനകൂട്ടായ്മ ഇരുചക്രവാഹനറാലി നടത്തി. കിഴക്കെ കടുങ്ങല്ലൂർ നരസിംഹക്ഷേത്രത്തിന് മുന്നിൽ നിന്നാരംഭിച്ച ബൈക്ക് റാലി ശ്രീകുമാർ മുല്ലേപ്പിള്ളി ഉദ്ഘാടനം ചെയ്തു.എടയാറിൽ സമാപിച്ചു. നിലവിലെ എം.എൽ.എ ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടന്ന വികസനത്തിന് തുടർച്ചയ്ക്കായി വോട്ട് നൽകണമെന്നാണ് അബ്ദുൾ ഗഫൂറിന്റെ അഭ്യർത്ഥന.