കൊച്ചി: നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണത്തിനു പരിഹാരമായി ലോകവ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന മിയാവാക്കി മാതൃകാ വനവല്ക്കരണം കൊച്ചി നഗരത്തിനു ഹരമാവുന്നു. ഒരു വർഷത്തിനുള്ളിൽ നാലു മിയാവാക്കി വന മാതൃകകൾ കൊച്ചിയിൽ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. കൂടുതൽ നഗര വനങ്ങൾ സൃഷ്ടിക്കാൻ വേൾഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റിയൂട്ട് അടക്കമുള്ള സംഘടനകൾ തയ്യാറെടുക്കുന്നു.
പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ് ആണ് കൊച്ചി നഗരത്തിലെ ആദ്യ മിയാവാക്കി വനം തീർക്കുന്നത്. ഷിപ്പ്‌യാർഡ് സി.എം.ഡി. ക്വാർട്ടേഴ്‌സിനു മുന്നിലായിക്കിടന്നിരുന്ന ചതുപ്പു നിലം വൃത്തിയാക്കിയാണ് മിയാവാക്കി വനം സ്ഥാപിച്ചത്. ആറു സെന്റ് സ്ഥലത്ത് ആയിരത്തിലധികം ചെടികളാണ് നട്ടു പിടിപ്പിച്ചത്. ഒൻപതു മാസം കൊണ്ട് ഇവ മൂന്നു മീറ്ററോളം വളർന്നു കഴിഞ്ഞു.
ഇന്ത്യൻ നേവിയുടെ സ്‌കൂളിനു മുന്നിലും കൊച്ചി സർവ്വകലാശാലയ്ക്കു മുന്നിലും വനവല്ക്കരണത്തിനു വഴിയൊരുക്കിയത് കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെഡിസ്‌ക്) ആണ്. വിവിധ നൂതന ആശയങ്ങൾ സമൂഹ മധ്യത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കെഡിസ്‌ക് കേരളത്തിലെ പത്തു ജില്ലകളിൽ മിയാവാക്കി മാതൃകാ സൂക്ഷ്മ വനങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. പൊതുജനങ്ങൾക്ക് ഈ ആശയം കണ്ടു മനസ്സിലാക്കാനും, സ്വന്തം നിലയ്ക്ക് പ്രാവർത്തികമാക്കാനും വഴിയൊരുക്കുന്നു. നേവൽ സ്‌കൂളിലും കൊച്ചിൻ യൂണിവേഴ്‌സിറ്റിയിലും പത്തു സെന്റ് സ്ഥലത്ത് ആയിരത്തി അറുനൂറു ചെടികൾ വീതമാണ് നട്ടു പിടിപ്പിച്ചിരിക്കുന്നത്.
കേരളത്തിലെ പരിസ്ഥിതി പ്രവർത്തകരിൽ പ്രമുഖനായ പ്രൊഫ. വി.കെ. ദാമോദരൻ ചെയർമാനായ നേച്ചേഴ്‌സ് ഗ്രീൻ ഗാർഡിയൻ ഫൗണ്ടേഷൻ, ഇൻവിസ് മൾട്ടി മീഡിയ, കൾച്ചർ ഷോപ്പി എന്നീ സ്ഥാപനങ്ങളുടെ കൺസോർഷ്യമാണ് വനവല്ക്കരണം നടത്തുന്നത്. മൂന്നു വർഷത്തിനിടയിൽ കേരളത്തിലെമ്പാടും മിയാവാക്കി മാതൃകാ വനവല്ക്കരണമെന്ന ആശയമെത്തിക്കുവാൻ ഈ കൺസോർഷ്യത്തിനു കഴിഞ്ഞു.
ഈ കൺസോർഷ്യം തന്നെ നെടുമ്പാശ്ശേരി സുവർണ്ണോദ്യാനത്തിലും ഒരു മിയാവാക്കി വനം സൃഷ്ടിച്ചിരുന്നു. നാനൂറോളം ചെടികളാണിവിടെ നട്ടിരിക്കുന്നത്. വനംവകുപ്പുദ്യോഗസ്ഥരെ മിയാവാക്കി മാതൃകയുമായി പരിചയപ്പെടുത്തുകയായിരുന്നു ഇതിന്റെ ലക്ഷ്യം. സംസ്ഥാന വനംവകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇവിടെ പദ്ധതി നടപ്പിലാക്കിയത്.
കുറഞ്ഞ കാലയളവിൽ എത്ര ചെറിയ സ്ഥലത്തും വനവല്ക്കരണം നടത്തുവാനുള്ള ഈ മാതൃക വികസിപ്പിച്ചെടുത്തത് സസ്യശാസ്ത്രജ്ഞനും ജപ്പാനിലെ യോക്കോഹോമ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ എമറിറ്റസ് പ്രൊഫസറും ആയ പ്രൊഫ. (ഡോ.) അകിരാ മിയാവാക്കി ആണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തന്നെ ലോകമാസകലമായി നാലു കോടിയിലധികം വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്. പ്രൊഫ. മിയാവാക്കിയിൽ നിന്നു പ്രചോദനമുൾക്കൊണ്ട് വൃക്ഷങ്ങൾ വച്ചു പിടിപ്പിക്കുന്ന ആയിരക്കണക്കിന് വ്യക്തികളും സംഘടനകളുമുണ്ട്.
കൊച്ചി പോലെയുള്ള ഒരു വ്യാവസായിക നഗരത്തിൽ കൂടുതൽ മിയാവാക്കി വനങ്ങൾ സൃഷ്ടിക്കുന്നതിലൂടെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനാവും. ആഗോള താപനത്തിനും കാലാവസ്ഥാവ്യതിയാനത്തിനുമെതിരെയുള്ള യുദ്ധത്തിലും മിയാവാക്കി മാതൃകയ്ക്കു വലിയ പങ്കു വഹിക്കാൻ കഴിയും. വ്യവസായശാലകൾക്കു ചുറ്റുമായി മിയാവാക്കി വനങ്ങൾ സൃഷ്ടിക്കുന്നതിലൂടെ ശബ്ദമലിനീകരണവും പൊടിപടലവും തടയാനാവുമെന്നും കണ്ടെത്തിയിട്ടുണ്ട്.കെഡിസ്‌കിന്റെ മാതൃകയിൽ നിന്നു പ്രചോദനമുൾക്കൊണ്ടു കൊണ്ട് മിയാവാക്കി വനങ്ങൾ തയ്യാറാക്കുവാൻ കൊച്ചിയിലെ നിരവധി വ്യക്തികളും സന്നദ്ധ സംഘടനകളും തയ്യാറെടുക്കുകയാണ്.